
ചെന്നൈ: സേലത്ത് നവജാത ശിശുവിനെ പിതാവ് 1.20 ലക്ഷം രൂപയ്ക്കു വിറ്റതായി പരാതി. സേലം നെത്തിമേട് ഗ്രാമത്തിലാണു സംഭവം.
വിജയ്-സത്യ ദമ്പതികൾക്കു കഴിഞ്ഞ മാസം ജനിച്ച മൂന്നാമത്തെ പെൺകുഞ്ഞിനെയാണ് കുട്ടിക്കടത്ത് സംഘത്തിന് വിറ്റത്. കുട്ടിയെ വിറ്റ പണം കൊണ്ട് വിജയ് ഓട്ടോ വാങ്ങുകയും ചെയ്തു. ഇയാൾ ഇപ്പോൾ ഒളിവിലാണ്.
ഇടനിലക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ്ചെയ്തു. പിതാവിനായി തിരച്ചിൽ ശക്തമാക്കി. നവംബർ 15 മുതൽ കുട്ടിയെ കാണാനില്ലെന്ന് കാണിച്ചു കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. തുടർന്നു നടന്ന അന്വേഷണത്തിലാണു പിതാവ് വിജയ് കുട്ടിയെ ഈറോഡ് സ്വദേശി നിഷയ്ക്കു വിറ്റതായി കണ്ടെത്തിയത്.
കുട്ടി ഇപ്പോൾ ആന്ധ്രപ്രദേശിലെ ദമ്പതികളുടെ കൈവശമാണെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇടനിലക്കാരെ റിമാൻഡ് ചെയ്തു.






