
അബുദബി: യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യാത്രക്കാരൻ വിമാനത്തിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കാഞ്ഞങ്ങാട് പാറപ്പള്ളിയിൽ താമസിക്കുന്ന പാണത്തൂർ സ്വദേശി യൂസഫ് (51) ആണ് മരിച്ചത്. ബാംഗ്ലൂരിലേക്കുള്ള യാത്രക്കിടെ അബുദാബി വിമാനത്താവളത്തിൽ വെച്ച് ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.
വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഇദ്ദേഹത്തിന് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടു. കാബിൻ ക്രൂവും പൈലറ്റും ഉടൻ തന്നെ അടിയന്തര മെഡിക്കൽ സഹായം ലഭ്യമാക്കുകയും പാരാമെഡിക്കൽ ജീവനക്കാർ വിമാനത്തിനുള്ളിൽ വെച്ച് തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ അദ്ദേഹം മരിച്ചിരുന്നു. തിങ്കളാഴ്ച വെളുപ്പിനെയാണ് ദു:ഖകരമായ സംഭവം നടന്നത്.
സന്ദർശക വിസയിൽ യുഎഇയിൽ എത്തിയ യുസഫ് ജോലി, ബിസിനസ്സ് സാധ്യതകൾ അന്വേഷിച്ച ശേഷമാണ് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയത്.
ഈ ദാരുണ സംഭവം യുസഫിന്റെ കുടുംബത്തെയും യു.എ.ഇയിലെ ബന്ധുക്കളെയും വലിയ ആഘാതത്തിലാഴ്ത്തിയിരിക്കുകയാണ്. ഭാര്യയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ അഞ്ച് മക്കളുമാണ് അദ്ദേഹത്തിന് ഉള്ളത്. മരണത്തെ തുടർന്ന് വിമാനത്തിൽ നിന്ന് അദ്ദേഹത്തിന്റെ ലഗേജുകൾ ഇറക്കിയതായും വിമാനം പുറപ്പെടാൻ നേരിയ താമസമുണ്ടായതായും എയർലൈൻ അധികൃതർ സ്ഥിരീകരിച്ചു. നിലവിൽ മൃതദേഹം അബുദാബിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ യുഎഇയിലെ ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും ചേർന്ന് നടത്തിവരുന്നു.






