
മുംബൈ: ടി.ആര്.പി. തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവി സി.ഇ.ഒ. വികാസ് കഞ്ചന്‍ധാനി മുംബൈയില്‍ അറസ്റ്റില്‍. ഇതേ കേസില്‍ അറസ്റ്റിലാകുന്ന പതിമൂന്നാമത്തെ ആളാണ് കഞ്ചന്‍ധാനി. ടി.ആര്.പി. കൂട്ടാന്‍ അധികമായി പണം ചിലവഴിച്ചു എന്നതാണ് റിപ്പബ്ലിക് ചാനലിനുമേലുള്ള ആരോപണം. ഹന്‍സ റിസര്‍ച്ച് ഉദ്യോഗസ്ഥനായ നിധിന് ദിയോക്കര്‍ നല്കിയ പരാതിയെത്തുടര്‍ന്ന് മുംബൈ പോലീസ് ഒക്ടോബര്‍ ആറിന് എഫ്.ഐ.ആര്. സമര്‍പ്പിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ചാനല്‍ സി.ഇ.ഒ. യെ പോലീസ് അറസ്റ്റുചെയ്യുന്നത്.
മഹാരാഷ്ട്ര പോലീസ് മാധ്യമങ്ങളെ വേട്ടയാടുന്നു എന്ന് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ആരോപിച്ചു. റിപ്പബ്ലിക് ടിവിയെ കൂടാതെ മറ്റു രണ്ട് മറാഠി ചാനലുകളും ടി.ആര്.പി. കൂട്ടാന്‍ അനധികൃതമായി പണം നല്‍കുന്നുവെന്നാണ് മുംബൈ പോലീസിന്റെ കേസ്. എന്നാല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു രണ്ടു ചാനലുകളും ആരോപണം നിഷേധിച്ചു. ഉയര്‍ന്ന ടി.ആര്.പി. റേറ്റിംങ്ങിലൂടെ പരസ്യങ്ങള്‍ക്ക് അമിത നിരക്കീടാക്കാനാകും. ഇതുവഴി കൊള്ളലാഭം കൊയ്യുന്നതിനുള്ള ശ്രമാണിതെന്നും ആരോപണമുണ്ട്.






