ഏറെ ശ്രദ്ധേയമായ തദ്ദേശതെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പൂര്‍ണ്ണമായി വന്നുകഴിഞ്ഞു. കൂട്ടലും കിഴിക്കലും ഇഴകീറിപരിശോധിക്കലുമൊക്കെ നടക്കുന്നുണ്ട്. എത്രയൊക്കെ തമസ്ക്കരിക്കാന്‍ ശ്രമിച്ചാലും ഇത് ഇടതുമുന്നണിയുടെ പ്രത്യേകിച്ച് പിണറായി വിജയന് എന്ന നേതാവിന്റെ ശ്രദ്ധേയമായ വിജയം തന്നെയാണ്.
കഴിഞ്ഞ തവണത്തേതിന്റെ അത്ര പഞ്ചായത്തുകളും നഗരസഭകളും നേടിയില്ലെന്നൊക്കെയുള്ള ചില വാദങ്ങള്‍ പല സ്ഥലങ്ങളില്‍ നിന്നും ഉയരുന്നുണ്ടെങ്കിലും രണ്ടാം ലോക മഹായുദ്ധക്കാലത്ത് ജര്മ്മപടയ്ക്കെതിരെ സ്റ്റാലിന്ഗാര്ഡില് യു.എസ്.എസ്. ആര് നേടിയ വിജയത്തിനെ അനുസ്മരിപ്പിക്കുന്നത് തന്നെയാണ് ഇത്. അന്ന് ലോകത്ത് പിച്ചവച്ചുതുടങ്ങിയ കമ്മ്യൂണിസ്റ്റ് രാജ്യത്തെ ഇല്ലാതാക്കാന്‍ സഖ്യകക്ഷികള്‍ ഒത്തുകളിച്ച് ചതിക്കാന്‍ ശ്രമിച്ചുവെങ്കില്‍ ഇവിടെ ഈ തദ്ദേശതെരഞ്ഞെടുപ്പില്‍ എല്ലാ ശക്തികളും ഒന്നിച്ചുകൊണ്ടാണ് കേരളത്തിലെ ഇടതുസര്‍ക്കാരിനെതിരെ സമാനതകളില്ലാത്ത ആക്രമണം അഴിച്ചുവിട്ടത്. ആ ആക്രമണകൊടുങ്കാറ്റിലും കഴിഞ്ഞ തവണത്തെ മിന്നും വിജയത്തിനൊപ്പം എത്താന്‍ കഴിഞ്ഞതും പ്രത്യേകിച്ച് പത്തു ജില്ലാ പഞ്ചായത്തുകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞതും ഇടതുമുന്നണിയുടെ വിജയം തന്നെയാണ്.
വിജയത്തെക്കുറിച്ചുള്ള അവകാശവാദങ്ങളും തര്‍ക്കങ്ങളും നടക്കുമ്പോഴും കേരളത്തിന്റെ യു.ഡി.എഫ് എങ്ങോട്ടാണ് എന്ന ചര്‍ച്ചയാണ് ഏറെ പ്രസക്തമാകുന്നത്. കേരളത്തിലെ എല്ലാ വിഭാഗത്തിനുമിടയില്‍ സ്വാധീനമുണ്ടായിരുന്ന യു.ഡി.എഫിന് പ്രത്യേകിച്ച് കോണ്‍ഗ്രസിന് അടുത്തകാലത്തായി എന്തുസംഭവിക്കുന്നുവെന്ന ചോദ്യം പലകോണുകളില്‍ നിന്നും ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടികള്‍ സംഭവിക്കുമ്പോള്‍ ചില യോഗങ്ങളില്‍ അതേക്കുറിച്ച് ചര്‍ച്ചചെയ്യുകയും പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കുകയും ചില ലൊട്ടുലൊടക്ക് പരിഹാരങ്ങള്‍ ചെയ്യുകയും ചെയ്തുകൊണ്ട് അത് അവസാനിപ്പിച്ച് വീണ്ടും പഴയ നിലയിലേക്ക് പോകുന്ന രീതിയാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ കണ്ടുവരുന്നത്.
എന്നാല്‍ ഇതല്ല ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള കോണ്‍ഗ്രസിന്റെ മരുന്ന്. ഇനിയും ആ നിലയ്ക്കാണ് മുന്നോട്ടുപോകുന്നതെങ്കില്‍ ഭാവി വല്ലാതെ ഇരുളടഞ്ഞതാകുമെന്നതില് തര്‍ക്കമില്ല. രാജ്യവ്യാപകമായി പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസിന്റെ പച്ചതുരുത്താണ്്് കേരളം. ഇവിടെ കോണ്‍ഗ്രസിനെ ഉപേക്ഷിക്കാന്‍ പൊതുസമൂഹം തയാറല്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് മാറേണ്ടിയിരിക്കുന്നു.
തെരഞ്ഞെടുപ്പ് വിശകലനം ചെയ്തുകൊണ്ട് ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിയ നിരീക്ഷണം വളരെ ശ്രദ്ധേയമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ സൂചകമാണെന്നത്. ശരിയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തിന്റെ രാഷ്ട്രീയമനസാണ് പ്രകടിപ്പിക്കുന്നത്. എന്നാല്‍ അത് സംസ്ഥാന സര്‍ക്കാരിനെതിരാണെന്ന കോണ്‍ഗ്രസിന്റെ ചിന്തയിലാണ് പിശക്. അതിന് 2014 മുതലുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസ് വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വമ്പിച്ച വിജയം കോണ്‍ഗ്രസിന്റെ ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന് ജനങ്ങള്‍ നല്കിയ അംഗീകാരമാണ്. അന്ന് ശക്തമായി കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ രംഗത്തുവന്നുവെന്ന് ആരും അവകാശപ്പെടില്ലെങ്കിലും ആ ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന്റെ ശക്തമായ മുഖമായി അവതരിപ്പിക്കപ്പെട്ട വ്യക്തിയാണ് രാഹുല്‍ഗാന്ധി. അദ്ദേഹത്തിന്റെ സാന്നിദ്ധ്യമാണ്, ഇല്ലാതെ അയ്യപ്പെന്റെ ശാപമല്ല ആ വിജയം സമ്മാനിച്ചതെന്ന് കോണ്‍ഗ്രസ് ഓര്‍ക്കണം.
കേരളത്തിലെ കോണ്‍ഗ്രസിന്റെ അടിവേരുകള്‍ ഇനിയും നശിച്ചിട്ടില്ല. അത് വീണ്ടും പുഷ്പ്പിക്കണമെങ്കില്‍ സംസ്ഥാന കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്തിലുള്‍പ്പെടെ തങ്ങളുടെ ഒന്നാമത്തെ ശത്രു ബി.ജെ.പിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുവേണം അവര്‍ മുന്നോട്ടുപോകാന്‍. എന്നാല്‍ മാത്രമേ അവര്‍ക്ക് വിജയവഴിയിലേക്ക് വീണ്ടും വരാന്‍ കഴിയുകയുളളു. മതേതരത്വ മുഖം പുനഃസ്ഥാപിക്കുകയാണ് ഏക മാര്‍ഗ്ഗം.
ഇന്നലെ ഫലപ്രഖ്യാപനം നടന്ന തദ്ദേശതെരഞ്ഞെടുപ്പ് തന്നെ പരിശോധിച്ചാല്‍ കാര്യം വ്യക്തമാണ്. തലസ്ഥാനജില്ല എന്നും കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു തദ്ദേശതെരഞ്ഞെടുപ്പില്‍ തലസ്ഥാനത്തിന്റെ നഗരകേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് ഇല്ലാതാകുകയാണ്. ബി.ജെ.പിയാണ് ആ കേന്ദ്രങ്ങള്‍ പിടിച്ചെടുക്കുന്നത്. 2015ല്‍ 21 സീറ്റാണ് കോര്‍പ്പറേഷനില്‍ ഉണ്ടായിരുന്നത്. ഈ തെരഞ്ഞെടുപ്പില്‍ അത് 10 ആയി കുറഞ്ഞു. മാത്രമല്ല, 100 വാര്‍ഡുകളുളള കോര്‍പ്പറേഷനില്‍ 66 ഇടത്ത് യു.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. പലേടത്തും വോട്ടിന്റെ എണ്ണവും പരിതാപകരമാണ്. എന്തിനേറെ മുന്‍കാലങ്ങളില്‍ സി.പി.എമ്മിന് പ്രചാരണം നടത്താന്‍പോലും കഴിയാതിരുന്ന മുസ്ലീം ഭൂരിപക്ഷ-തീരദേശ മേഖലകളില്‍ അവര്‍ വിജയിക്കുന്നുവെന്ന് മാത്രമല്ല, മുസ്ലീംലീഗ് മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെടുകയും ചെയ്തു. അതുപോലെ മദ്ധ്യതിരുവിതാംകൂറില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ശക്തിയായ ക്രിസ്തീയ വിഭാഗങ്ങളും അകന്നുവെന്നതാണ് തെരഞ്ഞെടുപ്പ് ഫലം നല്കുന്ന സൂചന.
ഇത് കണ്ടില്ലെന്ന് കോണ്‍ഗ്രസ് നടിച്ചാല്‍ അത് ആത്മഹത്യാപരമായിരിക്കും. ഈ സൂചകങ്ങള്‍ മുന്നില്‍ വച്ചുകൊണ്ട് ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരായ ശക്തമായ ആക്രമണം അഴിച്ചുവിടുകയാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാരിനും ഇടതുമുന്നണിക്കുമെതിരായ പ്രതിഷേധം വേണ്ടെന്നല്ല. അതും വേണം. എന്നാല്‍ ഒന്നാമത്തെ ലക്ഷ്യം ബി.ജെ.പിയായാല്‍ മാത്രമേ കോണ്‍ഗ്രസിന് നിലനില്‍പ്പുള്ളു.
കോണ്‍ഗ്രസും ബി.ജെ.പിയും വലതുപക്ഷ രാഷ്ട്രീയം പിന്തുടരുന്ന കക്ഷികളാണ്. കോണ്‍ഗ്രസിനെക്കാള്‍ കുറേക്കൂടി തീവ്രമായി വലതുപക്ഷ നയങ്ങളുമായി മുന്നോട്ടുപോകുന്ന ബി.ജെ.പിക്കായിരിക്കും താരതമ്യം ചെയ്യുമ്പോള്‍ അവര്‍ ഉദ്ദേശിക്കുന്ന വിഭാഗങ്ങളുടെ പിന്തുണ ഏറെ ലഭിക്കുകയെന്നതാണ് സത്യം. ഇതിനെ മറികടക്കാന്‍ ബി.ജെ.പി സ്വീകരിക്കുന്ന നയങ്ങള്‍ മൃദുവായ രീതിയില്‍ പിന്തുടരുകയല്ല വേണ്ടത്. പകരം ബി.ജെ.പിയുടെ നയങ്ങളെ ശക്തമായി എതിര്‍ത്തുകൊണ്ട് പഴയ നെഹ്രുവിയന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുകയെന്നതാണ് അവരുടെ മുന്നിലെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. സി.പി.എമ്മിനെയും ഇടതുപക്ഷത്തേയും നേരിടാന്‍ കോണ്‍ഗ്രസിന് വലിയ ബുദ്ധിമുട്ടുണ്ടാവില്ല. ഇതു രണ്ടും രണ്ടു ആശയങ്ങളാണ് അവിടെ ഏറ്റുമുട്ടുന്നത്. എന്നാല്‍ ബി.ജെ.പിയെ നേരിടുക കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാകും. എന്തെന്നാല്‍ രണ്ടും വലതുപക്ഷ ആശയങ്ങളാണ്. അതില്‍ തീവ്രത എവിടെയാണോ അവിടെയെ ജനം നില്ക്കുകയുള്ളുവെന്നതാണ്.
കേരളത്തില്‍ ഇതിന്റെ അനിവാര്യത ഏറെയാണ്. കേരളത്തില്‍ രാഷ്ട്രീയത്തോടൊപ്പം തന്നെ സാമുദായിക പിന്തുണകളുമായിരുന്നു യു.ഡി.എഫിന്റെ അടിത്തറ. പ്രത്യേകിച്ചും കോണ്‍ഗ്രസിന്റെ കരുത്ത്. എന്നാല്‍ 2004 മുതല്‍ ഇതില്‍ മാറിമറിച്ചിലുകള്‍ പ്രകടമാണ്. ഒരുകാലത്ത് സി.പി.എമ്മിന് തൊട്ടുകൂടായ്മ പ്രഖ്യാപിച്ചിരുന്ന മുസ്ലീം ജനവിഭാഗം ഇന്ന് അവര്‍ക്കൊപ്പം എത്തി. ഇപ്പോള്‍ ക്രിസ്തീയ വിഭാഗങ്ങളും മാറിചിന്തിക്കുന്നു. എന്നും കോണ്‍ഗ്രസിനൊപ്പം ഉറച്ചുനിന്ന നായര്സമുദായം ബി.ജെ.പിയിലേക്ക് മാറിയെന്നതും അവരെ വല്ലാതെ വലയ്ക്കുന്നു.
ഇത് മറികടക്കാന്‍ മതേതരത്വത്തില്‍ ഊന്നി നിന്നുകൊണ്ട് മുഖംനോക്കാതെ ബി.ജെ.പിക്കെതിരെയുള്ള ശക്തമായ നീക്കമാണ് കോണ്‍ഗ്രസ് അനുവര്‍ത്തിക്കേണ്ടത്. തീവ്രമായ നയങ്ങളെ അത് വര്‍ഗ്ഗീയമായാലും അല്ലെങ്കില്‍ സാമ്പത്തികരംഗത്തായാലും മൃദുനയങ്ങള്‍ കൊണ്ട് നേരിടാമെന്നത് വിഡ്ഡിത്തം മാത്രമായിരിക്കും.
രാജ്യത്താകമാനം കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയുടെ കാരണം അവരെ പിന്തുണച്ചിരുന്ന ജനവിഭാഗങ്ങളുടെ വിശ്വാസം നഷ്ടമായതാണ്. അതിന് കാരണം അവര്‍ പിന്തുടര്‍ന്ന നയങ്ങളായിരുന്നു. ആ നയങ്ങളില്‍ നിന്ന് ഇന്നും പുറത്തുവരാന്‍ കോണ്‍ഗ്രസ് ദേശീയതലത്തില്‍ തന്നെ തയാറുമല്ല. അതുകൊണ്ടുതന്നെ ബി.ജെ.പിയുടെ പല നീക്കങ്ങളേയും മുന്നില്‍ നിന്ന് എതിര്‍ക്കാനും കഴിയുന്നില്ല. ഈ സാഹചര്യമാണ് കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗ്ഗങ്ങളില്‍ നിന്നുപോലും ജനസഞ്ചയത്തെ മറ്റ് പ്രാദേശിക കക്ഷികളിലേക്ക് മാറ്റിയത്. ഈ പ്രാദേശികകക്ഷികളില് ഭൂരിപക്ഷത്തിനും സ്വാര്ത്ഥതാല്പര്യമാണുള്ളതെങ്കിലും ഒപ്പം കൂടിയ ജനവിഭാഗത്തെ വിട്ടുപോകാതെ പിടിച്ചുനിര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. അതാണ് കോണ്‍ഗ്രസ് പഠിക്കേണ്ടത്.
2015ലെ തദ്ദേശതെരഞ്ഞെടുപ്പ് കേരളം എങ്ങനെ ചിന്തിക്കുന്നുവെന്നതിന്റെ ഏറ്റവും ക്ലാസിക്കായ ഉദാഹരണമാണ്. അന്ന് ബീഫ് വിഷയമായിരുന്നു ഇടതുമുന്നണി പ്രധാന പ്രചരണായുധമാക്കിയത്. അതില്‍ അവര്‍ വിജയം കണ്ടു. തുടര്‍ന്ന് അതേ നയവുമായാണ് മുന്നോട്ടുപോയത്.
കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയവിധേയത്വത്തെ വിമര്‍ശിക്കുകയും അവരുടെ ഇപ്പോഴത്തെ അന്വേഷണം ഇവിടെ ബി.ജെ.പിയെ രാഷ്ട്രീയമായി സഹായിക്കാനാണെന്നുമുള്ള പൊതുജനവികാരം ഉണ്ടാക്കാനും അത് വോട്ടാക്കി മാറ്റാനും ഇടതുപക്ഷത്തിനായി.
ഇന്നും ഭൂപ്രഭുത്വം കൊടികുത്തിവാഴുന്ന മനുഷ്യനെ അടിമയായി കാണുന്ന വടക്കേ ഇന്ത്യന്‍ രാഷ്ട്രീയമല്ല കേരളത്തിന്റേത്. ഇവിടെ മനുഷ്യര്‍ ചിന്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ബി.ജെ.പിയുടെ രാഷ്ട്രീയത്തിന് ഇവിടെ വേരോട്ടമുണ്ടാകുക ബുദ്ധിമുട്ടാണ്. അവര്‍ക്ക് വേരോട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കായിരിക്കും തിരിച്ചടിയേക്കല്ക്കുക. ബി.ജെ.പിയേയും കേന്ദ്രസര്‍ക്കാരിനേയും ശക്തമായി എതിര്‍ത്ത് ഒന്നിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയാണെങ്കില്‍ യു.ഡി.എഫിന് പ്രത്യേകിച്ച് കോണ്‍ഗ്രസിന് നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാനാകും. കോണ്‍ഗ്രസ് രഹിത കേരളം എന്ന മുദ്രാവാക്യം അപകടകരമാണ്. അതുകൊണ്ട് കോണ്‍ഗ്രസ് ഇവിടെയുണ്ടാകണം. അതിനായി നേതൃമാറ്റത്തെക്കാള് നയമാറ്റമാണ് കോണ്‍ഗ്രസിന് വേണ്ടത്.
-ആര്. സുരേഷ്




