
തിരുവനന്തപുരം: അരോചകമായ വാര്‍ത്താസമ്മേളനങ്ങളല്ലാതെ കെപിസിസി എന്തു ചെയ്തെന്ന് നേതൃത്വത്തിനെതിരേ വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് നേതാവും എംപിയുമായ ഷാനിമോള്‍ ഉസ്മാന്. തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് വന്‍ തിരിച്ചടിക്ക് പിന്നാലെ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നേതൃത്വത്തിനെതിരേ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
ഷാനിമോള്‍ക്ക് പുറമേ അനേകം നേതാക്കളാണ് നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. താഴേത്തട്ടു മുതല്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിയാണ് ആവശ്യമെന്നായിരുന്നു യോഗത്തില്‍ ഉയര്‍ന്ന പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. മദ്ധ്യകേരളത്തിലും മദ്ധ്യ തിരുവിതാംകൂറിലും പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കായ ക്രൈസ്തവിക സമൂഹത്തിനിടയിലും കോണ്‍ഗ്രസിന് വലിയ വോട്ടു ചോര്‍ച്ചയുണ്ടായെന്ന് വിലയിരുത്തലുണ്ടായി. ജോസ് കെ മാണിയുടെ കൊഴിഞ്ഞുപോക്ക് വലിയ തിരിച്ചടിയായെന്നാണ് കണ്ടെത്തല്‍.
ന്യൂനപക്ഷ മേഖലകളിലും വോട്ടുഗതിയില് മാറ്റമുണ്ടായി. ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിലേക്കും ഭൂരിപക്ഷ വോട്ടുകള്‍ ബിജെപിയിലേക്കും പോകുന്നത് തടയണമെന്നും പറഞ്ഞു. ശക്തികേന്ദ്രങ്ങളില്‍ നഷ്ടമായ വോട്ടുകള്‍ തിരികെ കൊണ്ടുവരാന്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരുത്തല്‍ നടപടികള്‍ വേണമെന്നും യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. വി.ഡി.സതീശന്, പി.സി. ചാക്കോ, കെ മുരളീധരന്, കെ. സുധാകരന്, പി.ജെ. കുര്യന്, ഷാനിമോള്‍ ഉസ്മാന്, ബെന്നി ബഹന്നാന്, പി.സി. വിഷ്ണുനാഥ് തുടങ്ങിയവരാണ് നേതൃത്വത്തെ കടന്നാക്രമിച്ചത്.
നേതാക്കള്‍ പരസ്പരം പുകഴ്ത്തുന്നത് തുടരുമെങ്കിലും പ്രവര്‍ത്തകര്‍ അംഗീകരിക്കുമെന്ന് കരുതരുതെന്നും അവര്‍ ചോദ്യം ചെയ്യമെന്നത് മറക്കരുതെന്നും ഷാനിമോള്‍ പറഞ്ഞു. ഈ രീതിയിലാണ് പോകുന്നതെങ്കില്‍ ആറ് മാസം കഴിയുമ്പോഴും നമ്മള് തോല്‍വി ചര്‍ച്ച ചെയ്യാന്‍ യോഗം ചേരേണ്ടി വരുമെന്നായിരുന്നു വി.ഡി. സതീശന്റെ വിമര്‍ശനം. എല്ലാ ദിവസവും പത്രസമ്മേളനം നടത്തിയാലൊന്നും വോട്ടുകിട്ടില്ലെന്നും പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്തു പഞ്ചായത്തുകള്‍ കൂടുതല്‍ കിട്ടിയെന്ന മുല്ലപ്പള്ളിയുടെ മറുപടിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലും പത്തു സീറ്റുകള്‍ കൂടുതല്‍ കിട്ടിയാല്‍ മതിയോ എന്നായിരുന്നു പി.സി. വിഷ്ണുനാഥിന്റെ പ്രതികരണം. ബിജെപിയും സിപിഎമ്മും സാമൂഹ്യ മാധ്യമങ്ങളെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ് എന്തു ചെയ്തെന്ന് വിഷ്ണുനാഥ് ചോദിച്ചു. സ്ഥാനാര്‍ത്ഥികളെ സാമ്പത്തീകമായി സഹായിക്കാന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞു. കെപിസിസി ഭാരവാഹികള്‍ക്ക് ചുമതല നല്‍കാതിരുന്നതും വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധവുമെല്ലാം ചര്‍ച്ചയ്ക്ക് വന്നു.
്സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളിയെന്നും ഗ്രൂപ്പുകളി മാത്രമാണ് നടന്നതെന്നും പി.ജെ. കുര്യന് വിമര്‍ശിച്ചു. അടുത്ത ദിവസം ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ ഓരോ ജില്ലയിലെയും റിപ്പോര്‍ട്ട് നല്‍കണം. തോല്‍വി വിലയിരുത്താന്‍ നേതാക്കള്‍ നേരിട്ടു പങ്കെടുക്കുന്ന രണ്ടു ദിവസത്തെ രാഷ്ട്രീയകാര്യ സമിതിയോഗം വിളിക്കും. 140 നിയോജക മണ്ഡലങ്ങളിലും കെ.പി.സി.സി. സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കും. പാര്‍ട്ടിയിലെ പരാജയകാര്യങ്ങള് അടുത്ത രാഷ്ട്രീയകാര്യ സമിതിയില്‍ വിശദമായി ചര്‍ച്ച ചെയ്യും. അതിന് ശേഷമായിരിക്കും ഭാവി പരിപാടികള്‍ തീരുമാനിക്കുക.






