
പാലക്കാട്: വിനോദയാത്രയ്‌ക്കിടെ നാല്‍പ്പതംഗസംഘത്തില്‍നിന്ന് കൂട്ടംതെറ്റി കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കര്‍ണാടകയിലെ ചിക്കമംഗളുരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ(15)യേയാണ് 1500 അടി താഴ്‌ചയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കര്‍ണാടക പോലീസും വനംവകുപ്പും ദുരന്തനിവാരണസേനയും ഡ്രോണ്‍ തെര്‍മല്‍ കാമറകളുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് ബാബ ബുധാന്‍ഗിരിക്ക് താഴെ ഹര്‍ഷനഗുപ്പയില്‍ ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടോടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു.
നാലുദിവസം മുമ്പാണ് കടമ്പഴിപ്പുറം സ്വദേശികളായ രമേഷ്-രോഹിണി ദമ്പതികളുടെ മകള്‍ ശ്രീനന്ദ ചിക്കമംഗളുരുവില്‍ എത്തിയത്. കഴിഞ്ഞ ചൊവ്വാഴ്‌ച വൈകിട്ട് മാണിക്യധാര വെള്ളച്ചാട്ടത്തിനു സമീപത്തുനിന്ന് കാണാതായി. വൈകിട്ട് 5.20 വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. വെള്ളച്ചാട്ടം കണ്ട് സെല്‍ഫിയെടുത്തശേഷം മാതാപിതാക്കളും കുടുംബാംഗങ്ങളും വാഹനത്തിലേക്കു പോയി. അപ്പോള്‍ ശ്രീനന്ദ മറ്റ് രണ്ട് കുട്ടികള്‍ക്കൊപ്പം വെള്ളച്ചാട്ടത്തിന് സമീപമുണ്ടായിരുന്നു.
കൂട്ടുകാര്‍ ഐസ്‌ക്രീം വാങ്ങാന്‍ പോയപ്പോഴാണ് ശ്രീനന്ദ കൂടെയില്ലെന്നറിഞ്ഞത്. തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രിയായതോടെ പോലീസിനെ അറിയിച്ചു. കുട്ടി വെള്ളച്ചാട്ടത്തില്‍ വീഴാനുള്ള സാധ്യത ആദ്യഘട്ടത്തില്‍ പോലീസ് തള്ളി. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന് കുടുംബം സംശയിച്ചപ്പോള്‍ ആ രീതിയിലും അന്വേഷണം നടത്തി. പിന്നീട് നൂറോളം പേരടങ്ങിയ പ്രത്യേകദൗത്യസംഘം തെരച്ചില്‍ ഏറ്റെടുത്തു. കര്‍ണാടക പോലീസിനൊപ്പം കേരളത്തില്‍നിന്നുള്ള പ്രത്യേക പോലീസ് സംഘവും അന്വേഷണത്തില്‍ പങ്കെടുത്തു.
മാണിക്യധാര വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള ചെങ്കുത്തായ മേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന്, ഇന്‍ക്വസ്‌റ്റ് നടത്തി ചിക്കമംഗളുരു ആശുപത്രിയിലേക്ക് മാറ്റി. പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്ന് നാട്ടിലെത്തിക്കും. എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു ശ്രീനന്ദ.മൃതദേഹം കണ്ടെത്തിയ സ്‌ഥലത്ത്, ശ്രീനന്ദയുടെ അച്‌ഛന്റെ സാന്നിധ്യത്തില്‍ പരിശോധന തുടരുകയാണ്. ദുരൂഹതയുണ്ടെന്ന ആരോപണം പരിശോധിക്കുമെന്നു ചിക്കമംഗളുരു എസ്.പി: ജിതേന്ദ്ര ദയമ വ്യക്‌തമാക്കി.
കാണാതായിട്ട് 4 ദിവസം;
മൃതദേഹത്തിന്
അത്രയും പഴക്കമില്ല
പാലക്കാട്: ചിക്കമംഗളുരുവിലെ വിനോദസഞ്ചാരകേന്ദ്രത്തില്‍ മരിച്ച ശ്രീനന്ദയുടേത് അപകടമരണമല്ലെന്ന് കുടുംബം. ശ്രീനന്ദയെ കാണാതായപ്പോള്‍തന്നെ ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയ സ്‌ഥലങ്ങളിലടക്കം പോലീസ് പരിശോധിച്ചിരുന്നെന്ന് വല്യച്‌ഛന്‍ ശശിധരന്‍ പറഞ്ഞു.
കുട്ടിയെ കാണാതായിട്ട് നാലുദിവസമായെങ്കിലും മൃതദേഹത്തിന് അത്രയും പഴക്കമില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. മാണിക്കധാര വെള്ളച്ചാട്ടത്തില്‍നിന്നു കയറിവരുന്നിടത്താണ് വാഹനം പാര്‍ക്ക് ചെയ്‌തിരുന്നത്.
മൃതദേഹം കാണപ്പെട്ട സ്‌ഥലം മറുവശത്താണ്. അവിടേക്കു ശ്രീനന്ദ പോയിട്ടില്ല. ദിവസേന ആയിരക്കണക്കിനുപേര്‍ വരുന്ന വിനോദസഞ്ചാരകേന്ദ്രത്തില്‍ ഒരാള്‍ കാലുവഴുതി വീണാല്‍ ആരുടെയെങ്കിലും ശ്രദ്ധയില്‍പ്പെടാതിരിക്കുമോ? കുട്ടിയെ കാണാതായതു വ്യൂ പോയിന്റില്‍നിന്നാണ്.
പോലീസ് നായ മണംപിടിച്ചെത്തിയത് സമീപത്തെ കടയിലേക്കാണ്. കടയുടമയെ പോലീസ് ചോദ്യംചെയ്‌തില്ല. ധാരാളം യാചകരുള്ള സ്‌ഥലമാണ്. സ്‌ഥലത്തെ സി.സി. ടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറഞ്ഞതെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.






