കൊച്ചി: സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരായ വ്യാജ രേഖ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മൂന്നു വൈദികരെയും വിദ്യാര്‍ഥിയായ കോന്തുരുത്തി സ്വദേശിയേയും പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഫാ.ടോണി കല്ലൂക്കാരനാണ് ഒന്നാംപ്രതി, രണ്ടാംപ്രതി ഫാ.പോള്‍ തേലക്കാട്ട്, മൂന്നാംപ്രതി ഫാ.ബെന്നി മാരാംപറമ്പില്‍. വ്യാജരേഖ ഉണ്ടാക്കിയ കോന്തുരുത്തി സ്വദേശി ആദിത്യനാണ് കേസിലെ നാലാം പ്രതി. ആദിത്യന്റെ സഹായി വിഷ്ണു റോയിയെ കേസിലെ മാപ്പു സാക്ഷിയാക്കി.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കു കള്ളപ്പണ ഇടപാടുണ്ടെന്ന് വരുത്താന്‍ പ്രതികള്‍ ശ്രമിച്ചെന്നു കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരാണ് ഗൂഡാലോചനയില്‍ പങ്കാളികളായത്. കര്‍ദ്ദിനാളിനെ സ്ഥാനത്തു നിന്ന് മാറ്റുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. 2019 ഫെബ്രുവരി 18നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ വൈദികര്‍ നേരത്തേ തന്നെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമി വില്പന വിവാദത്തെ തുടര്‍ന്ന് വത്തിക്കാനില്‍ നിന്നും എറണാകുളം - അങ്കമാലി അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായി ചുമതല വഹിച്ചിരുന്ന ബിഷപ്മാര് ജേക്കബ് മാനത്തേടത്ത് മുമ്പാകെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി എന്ന് വരുത്തിത്തീര്‍ക്കുന്നതിനും കര്‍ദിനാളിനെ സഭാതലവന് സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയോ അല്ലെങ്കില്‍ അദ്ദേഹത്തെ സമര്‍ദ്ദത്തിലാക്കി സ്വയംസ്ഥാനത്യാഗം ചെയ്യിക്കാന്‍ നിര്‍ബന്ധിക്കുകയോ ആയിരുന്നു ലക്ഷ്യമെന്നു കുറ്റപത്രത്തില്‍ പറയുന്നു.






