
ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്റെ മരണത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും മകന് തുഷാര്‍ വെള്ളാപ്പള്ളിയേയും വെള്ളാപ്പള്ളിയുടെ സഹായി കെ.എല്‍ അശോകനേയും പ്രതിചേര്‍ക്കാന്‍ കോടതി നിര്‍ദേശം. കെ.കെ മഹേശന്റെ ഭാര്യയുടെ ഹര്‍ജിയില്‍ ആലപ്പുഴ സി.ജെ.എം കോടതിയാണ് മാരാരിക്കുളം പോലീസിന് നിര്‍ദേശം നല്‍കിയത്.
വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കിയും അശോകനെ രണ്ടാം പ്രതിയാക്കിയും തുഷാറിനെ മൂന്നാം പ്രതിയാക്കിയും കേസെടുക്കാനാണ് നിര്‍ദേശം. ആത്മഹത്യാ പ്രേരണ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തി കേസെടുക്കേണ്ടത്. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നീതിക്കു വേണ്ടി ഏതറ്റം വരെ പോരാടുമെന്നും മഹേശന്റെ ഭാര്യ ഉഷാദേവി പറഞ്ഞു.
ജൂണ്‍ 20നാണ് കെ.കെ മഹേശനെ കണിച്ചുകുളങ്ങരയിലെ യൂണിയന് ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്എന്‍.ഡി.പി യോഗം നടത്തിയിരുന്ന മൈക്രോ ഫൈനാന്‍സിന്റെ ചുമതലക്കാരനായ മഹേശന്റെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ ഏറെ മനോവിഷമത്തിലായിരുന്നു മഹേശന്. താന്‍ അറസ്റ്റിലാകുമെന്ന് മഹേശന് ഭയപ്പെട്ടിരുന്നു.
ആദ്യം മാരാരിക്കുളം പോലീസ് അന്വേഷിച്ച കേസില്‍ മഹേശന്റെ കുടുംബം വിശ്വാസക്കുറവ് രേഖപ്പെടുത്തിയതോടെ പ്രത്യേക സംഘത്തെ അനേഷണം ഏല്പിച്ചിരുന്നു. എന്നാല്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുക്കാന്‍ പോലീസ് തയ്യാറാകാതെ വന്നതോടെയാണ് കുടുംബം കോടതിയെ സമീപിച്ചത്. നിലവില്‍ അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.






