
കോഴിക്കോട്: ഷിഗെല്ല രോഗ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താന്‍ നിയോഗിച്ച പ്രത്യേക സംഘം കോഴിക്കോടെത്തി. രോഗ വ്യാപന മേഖലകള്‍ സന്ദര്‍ശിച്ച് പഠന റിപ്പോര്‍ട്ടു നല്‍കാനാണ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്. രോഗ വ്യാപനം രൂക്ഷമായ സന്ദര്‍ഭത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം നടത്തിയ പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം ഡി.എം.ഒ.ക്ക് സമര്‍പ്പിക്കും.
രോഗ വ്യാപനം നിയന്ത്രണ വിധേയമായെങ്കിലും ഇതുവരെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആരോഗ്യ വകുപ്പില്‍ ഡയറക്ട്രേറ്റില്‍ നിന്നുള്ള പ്രത്യേക സംഘമാണിത്. രോഗ വ്യാപന മേഖലയില്‍ നാലു ദിവസം തുടരാനാണ് നിലവിലെ തീരുമാനം. ഒരാഴ്ച്ചക്കുള്ളില്‍ പഠന റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് സമര്‍പ്പിക്കും.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിന് വിഭാഗം നടത്തുന്ന പഠനവും ഇതോടൊപ്പം തുടരും. ഇതുവരെ നടത്തിയ പഠനത്തില്‍ രോഗവ്യാപനം വെള്ളത്തിലൂടെയാണെന്നാണ് ഇവരുടെ പ്രാധമിക നിഗമനം. രോഗ വ്യാപന മേഖലയില്‍ ആളുകള്‍ ഉപയോഗിക്കുന്ന വെള്ളമുള്‍പ്പടെയുള്ള സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടുകള്‍ക്കൂടി ലഭിക്കുന്നതോടെ ഷിഗെല്ലയുടെ ഉറവിടെത്തെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കും.






