
ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ ജില്ലാ വികസന സമിതി തിരഞ്ഞെടുപ്പ് ഭീകരവാദികള്‍ക്കും വിഘടനവാദികള്ക്കുമുള്ള അടിയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപിയെ തിരഞ്ഞെടുത്ത ജമ്മു കാശ്മീരിലെ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ നിലപാടുകള്‍ക്ക് പിന്തുണ നല്‍കുകയാണെന്നും അദേഹം പറഞ്ഞു.
ബിജെപിക്ക് 4.5 ലക്ഷം വോട്ടുകള്‍ നേടാന്‍ കഴിഞ്ഞു. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ നേടിയ ആകെവോട്ടുകളെക്കാള് കൂടുതലാണിതെന്നും താഴ്വരയിലും താമര വിരിഞ്ഞതായി ജമ്മുവില്‍ ബിജെപിക്ക് ലഭിച്ച മുന്നേറ്റം ചൂണ്ടിക്കാണിക്കാട്ടി അദേഹം പറഞ്ഞു.
കാശ്മീരില്‍ പ്രത്യേകിച്ച് ഭീകരതയുടെ വിളനിലമായ സ്ഥലങ്ങളില്‍ 370 റദ്ദാക്കുന്നതിന് മുന്‍പുള്ള തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കൂടുതല്‍ വോട്ടുകള്‍ നേടാന്‍ ബിജെപിക്ക് കഴിഞ്ഞു. സോപോര്‍, പുല്‍വാമ, ഷോപിയാര്, ഗന്തര്‍ബാല്‍ ഇവിടങ്ങളില്‍ ഭീകരത പരത്തുന്നവരുടെ മുഖത്ത് ആഞ്ഞടിക്കുകയാണ് വോട്ടര്‍മാര്‍ ചെയ്തത്.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം ആദ്യമായി നടന്ന തിരഞ്ഞെടുപ്പാണിത്. ഗുപ്കാര്‍ സഖ്യത്തിന് 110 സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസും ഗുപ്കാര്‍ സഖ്യവും കൂടി ചേര്‍ന്ന് 20 ജില്ലകളില്‍ 13 എണ്ണത്തിന്റെ ഭരണം പിടിക്കുകയും ചെയ്തു. എന്നാല്‍ ഏറ്റവും വലിയ ഒറ്റ കക്ഷി ബിജെപിയാണ്. ബിജെപി 74, നാഷണല്‍ കോണ്‍ഫറന്‍സ് 67, പിഡിപി 27, കോണ്‍ഗ്രസ് 26 എന്നിങ്ങനെയാണ് സീറ്റ് നില.






