
കൊല്‍ക്കത്ത: കോവിഡ് 19 നെക്കാള്‍ അപകടകാരിയായ വൈറസാണ് തൃണമൂല്‍ കോണ്‍ഗ്രസെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ വൈറസിനെതിരെ വാക്സീന് രൂപത്തില്‍ ബിജെപി തൃണമൂല്‍ കോണ്‍ഗ്രസിനെ തുടച്ചുനീക്കുമെന്നും അദേഹം വ്യക്തമാക്കി.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ചുമത്തിയ എല്ലാ വ്യാജകേസുകളും പിന്‍വലിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഘോഷ് പറഞ്ഞു.
കേന്ദ്ര പദ്ധതികളായ കിസാന്‍ സമ്മാന്‍, ആയുഷ്മാന്‍ ഭാരത് തുടങ്ങിയവയൊന്നും ബംഗാളില്‍ നടപ്പാക്കാന്‍ മമത സര്‍ക്കാര്‍ അനുവദിക്കുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോയ്ക്ക് പിന്നാലെ ഡിസംബര്‍ 29 ന് ബിര്‍ഭമില്‍ റോഡ് ഷോ നടത്താനിരിക്കുന്ന മമതയേയും ഘോഷ് പരിഹസിച്ചു. ബിജെപി പരിപാടികളെ പിന്തുടരുന്ന തൃണമൂല്‍ കേന്ദ്രത്തിന്റെ മികച്ച ഭരണ മാര്‍ഗങ്ങള്‍ക്കൂടി പിന്തുടരണമെന്നും അദേഹം ആവശ്യപ്പെട്ടു.
തൃണമൂല്‍ സര്‍ക്കാരിന്റെ ദിവസം എണ്ണപ്പെട്ടുകഴിഞ്ഞു. സംസ്ഥാനം ഇതുവരെ കണ്ടതില്‍ ഏറ്റവും ജനാധിപത്യ വിരുദ്ധ സര്‍ക്കാരാണ് മമത സര്‍ക്കാര്‍. എന്നാല്‍ ദിലീപ് ഘോഷിന്റെ വൈറസ് പരാമര്‍ശത്തിന് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. വൈറസ് പരാമര്‍ശം ബിജെപിയുടെ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ ഇതിനുള്ള മറുപടി നല്കുെമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പാര്‍ഥ ചാറ്റര്‍ജി വ്യക്തമാക്കി.






