
ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലും പഞ്ചാബിനും പുറമേ ഗുജറാത്ത്, രാജസ്ഥാന് അതിര്‍ത്തികള്‍ വഴിയും പാക് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നെന്ന് ബിഎസ്എഫ് റിപ്പോര്‍ട്ട്. ഈ വര്‍ഷം നുഴഞ്ഞുകയറ്റങ്ങളുടെ എണ്ണം വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ വരം ഗുജറാത്ത്, രാജസ്ഥാന് അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റങ്ങളൊന്നും ബിഎസ്എഫ് രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഈ വഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ബിഎസ്എഫ് രേഖപ്പെടുത്തി.
തീവ്രവാദികളെ ഇന്ത്യയിലേക്ക് അയക്കാന്‍ പാക്കിസ്ഥാന് മറ്റു വഴികള്‍ തേടുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിനെ തുടര്‍ന്ന് കര്‍ശന ജാഗ്രത പാലിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുന്നുണ്ടെന്നും ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു.
കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് അതിര്‍ത്തികള്‍ വഴി ഈ വര്‍ഷം 11 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നുവെന്ന് ബിഎസ്എഫ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത്തരം ശ്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നും മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന് അറിയിച്ചു. ഈ വര്‍ഷം നവംബര്‍ 22 ന് ജോയ്ഷെ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ഉപയോഗിച്ചതായി സംശയിക്കുന്ന 150 മീറ്റര്‍ നീളമുള്ള ഭൂഗര്‍ഭ തുരങ്കം സാംബ ജില്ലയില്‍ അതിര്‍ത്തിക്ക് സമീപം കണ്ടെത്തിയിരുന്നു.






