
ശ്രീനഗര്‍: ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. ജമ്മു കാശ്മീരിലെ ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രിയുടെ അഭിപ്രായത്തിനു പിന്നാലെയാണ് ഒമര്‍ ബിജെപിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.
നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ നിന്ന് മികച്ച വിജയം നേടിയവരെ ബിജെപിയുടെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ഒമറിന്റെ ആരോപണം. ഭരണ സ്വാധീനം ഉപയോഗിച്ച് സ്ഥാനാര്‍ഥികളുടെ വരുതിയിലാക്കാനാണ് ബിജെപിയുടെയും കാശ്മീരിലെ പ്രമുഖ ബിസിനസുകാരനായ അല്‍താഫ് ബുഖാരിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അപ്നി പാര്‍ട്ടിയും ശ്രമിക്കുന്നുവെന്നാണ് ആരോപണം.
പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചയാളുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തു. ബിജെപിയുടെ ബി ടീമായ അപ്നി പാര്‍ട്ടിയില്‍ ചേരുകയാണെങ്കില്‍ ബന്ധുവിനെ മോചിപ്പിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെന്ന് ഒമര്‍ പറഞ്ഞു. കൂടാതെ ബിജെപിക്കുവേണ്ടി ഉദ്യോഗസ്ഥര്‍ കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്നും ഒമര്‍ അബ്ദുള്ള കുറ്റപ്പെടുത്തി.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു ജില്ലാ വികസന കൗണ്‍സിലിലേക്ക് നടന്നത്. 20 ഡിഡിസികളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഗുപ്കര്‍ സഖ്യം 13 ഇടത്ത് ജയിച്ചപ്പോള്‍ ബിജെപി ആറിടത്ത് ജയിച്ചു. 110 സീറ്റുകളാണ് ഗുപ്കര്‍ ആകെ നേടിയത്. 74 സീറ്റുകളുമായി ജമ്മു മേഖലയിലെ അഞ്ച് ജില്ലകളില്‍ ഭൂരിപക്ഷം നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.






