
തിരുവനന്തപുരം : പിതാവിന്റെ മരണത്തിനു കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു പൊള്ളലേറ്റു മരിച്ച രാജന്റെ മക്കൾ.
പോലീസ് ഉദ്യോഗസ്ഥൻ ലൈറ്റർ തട്ടി മാറ്റുന്നതിനിടെയാണ് രാജന്റെ ദേഹത്ത് തീ പടർന്നതെന്നു രാജൻ പറഞ്ഞിരുന്നു. ഈ ഉദ്യോഗസ്ഥനെതിരെയും അയല്‍വാസിയായ വസന്ത എന്ന സ്ത്രീക്കെതിരെയും നടപടി എടുക്കണമെന്ന് രാജന്റെ മക്കൾ ആവശ്യപ്പെട്ടു.
കുടിയൊഴിപ്പിക്കല്‍ തടയാനാണ് രാജന് ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. എന്നാൽ ഇതിനിടയിൽ ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് രാജൻ മരിച്ചത്. പൊള്ളലേറ്റ ഭാര്യ അമ്പിളിയുടെ സ്ഥിതിയും ഗുരുതരമായി തുടരുകയാണ്.
'പപ്പയെ താമസിച്ച സ്ഥലത്ത് തന്നെ അടക്കം ചെയ്യണമെന്നും, മരിക്കുന്നതിന്മുൻപ് അത് ആവശ്യപ്പെട്ടു എന്നും പറഞ്ഞു ' എന്ന് മക്കൾ ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞു. തങ്ങളുടെ പിതാവിനെ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് രാജന്റെ മക്കളായ രഞ്ജിത്തും രാഹുലും മുഖ്യമന്ത്രിയോടും അപേക്ഷിച്ചു.






