
ജയ്പൂര്‍: വിവാഹവാര്‍ഷികത്തില്‍ ഭാര്യയ്ക്ക് ഭര്‍ത്താവ് സമ്മാനമായി നല്‍കിയത് ചന്ദ്രനിലെ മൂന്ന് ഏക്കര്‍ സ്ഥലം. രാജസ്ഥാനിലെ അജ്മീര്‍ സ്വദേശി ധര്‍മ്മേന്ദ്രാ അനിജയാണ് വിലപ്പെട്ടതും കനപ്പെട്ടതുമായ സമ്മാനം എട്ടാം വിവാഹവാര്‍ഷികത്തില്‍ ഭാര്യയ്ക്ക് നല്‍കിയത്്. ന്യൂയോര്‍ക്ക് സിറ്റിയിലെ ലൂണാ സൊസൈറ്റി ഓഫ് ഇന്റര്‍നാഷണല്‍ വഴിയാണ് വസ്തു വാങ്ങിയത്. ഡിസംബര്‍ 24 നായിരുന്നു ഇവരുടെ എട്ടാം വിവാഹ വാര്‍ഷികം.
ഇത്തവണ വ്യത്യസ്തമായി ഭാര്യയ്ക്ക് എന്തു സമ്മാനം നല്‍കാമെന്ന സ്വയം ചോദ്യമാണ് ധര്മ്മേന്ദ്രയെക്കൊണ്ടു ചന്ദ്രനില്‍ വസ്തുവാങ്ങല്‍ ചെയ്യിച്ചത്. എല്ലാവരും വിവാഹവാര്‍ഷികത്തില്‍ സമ്മാനമായി കാര്‍ഡും ആഭരണങ്ങളും മറ്റും നല്കുമ്പോള് എന്തെങ്കിലും വ്യത്യസ്തമായ കാര്യം വേണമെന്നാണ് ധര്‍മ്മേന്ദ്ര ചിന്തിച്ചത്. തുടര്‍ന്ന് ലൂണാ സൊസൈറ്റി ഓഫ് ഇന്റര്‍നാഷണലിനെ സമീപിച്ചു. വിവാഹ വാര്‍ഷിക ദിനത്തില്‍ ചന്ദ്രന്റെഭാഗം വാങ്ങിയതിന്റെ രേഖകള്‍ ഫ്രെയിം ചെയ്തു നല്കി.
യഥാര്‍ത്ഥത്തില്‍ ബഹിരാകാശത്ത് സ്വകാര്യവ്യക്തികള്‍ക്ക് ഉടമസ്ഥത സാധ്യമല്ല. എന്നാല്‍ സമ്മാനമായി ചന്ദ്രനിലെ വസ്തു ഗിഫ്റ്റിംഗ് വെബ്സൈറ്റുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. ചന്ദ്രനിലെ സാങ്കല്‍പ്പിക പേരുകള്‍ നല്‍കിയിട്ടുള്ള ഇടങ്ങളുടെ അവകാശം വാങ്ങുന്നയാളുടെ പേരിലാക്കി ഫ്രെയിം ചെയ്ത ഉടമസ്താവകാശ രേഖ നല്‍കും. 2018 ല്‍ സുശാന്ത് സിംഗ് രജപുത്ത് താന്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിയതായി പറഞ്ഞിരുന്നു. മേര് മസ്കോവിയന്സ് എന്ന് വിളിക്കപ്പെടുന്ന ഇടമാണ് സുശാന്ത് സിംഗ് രജപുത്ത് വാങ്ങിയത്.
ന്യൂയോര്‍ക്ക് സിറ്റിയിലെ ലൂണാ സൊസൈറ്റി ഇന്റര്‍നാഷണലില്‍ നി്ന്നുമാണ് ധര്‍മ്മേന്ദ്ര അനിജ ഭാര്യയ്ക്കായി ചന്ദ്രനിലെ സ്ഥലം വാങ്ങിയത്. ബേ ഓഫ് റെയ്ന്‍ബോസ്, സീ ഓഫ് റെയ്ന്‍സ്, ലേക്ക് ഓഫ് ഡ്രീംസ്, സീ ഓഫ് ട്രാങ്ക്വലിറ്റി, ദി ലൂണാര്‍ ആല്‍പ്സ്, സീ ഓഫ് ക്ലൗഡ്സ്, ഓഷ്യന്‍ ഓഫ് സ്റ്റോംസ് തുടങ്ങിയ പേരുകളില്‍ ചന്ദ്രനിലെ ഭാഗങ്ങള്‍ ഇന്റര്‍നാഷണല്‍ ലൂണാര്‍ ലാന്റ് റജിസ്ട്രി സര്‍ട്ടിഫിക്കേറ്റ് നല്കുന്നു. ചന്ദ്രനില്‍ വസ്തുവാങ്ങല്‍ നടപടിക്രമം പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം വേണ്ടി വരും.
1960 ഒക്ടോബര്‍ 10 ല്‍ നിലവില്‍ വന്ന രാജ്യങ്ങള്‍ തമ്മിലുള്ള ഉടമ്പടി പ്രകാരം ബഹിരാകാശത്തെ പൊതു സമ്പത്തായിട്ടാണ് കണക്കാക്കുന്നത്. നിയമപരമായി വ്യക്തികള്‍ക്കോ രാജ്യങ്ങള്‍ക്കോ ചന്ദ്രന് ഉള്‍പ്പെടെ ബഹിരാകാശത്ത് എവിടെയും ഏതെങ്കിലും തരത്തില്‍ സ്വകാര്യ അവകാശം ഉന്നയിക്കാന്‍ കഴിയില്ല. ഇന്ത്യ ഉള്‍പ്പെടെ 104 രാജ്യങ്ങളാണ് കരാറിന്റെ ഭാഗമായിട്ടുള്ളത്. ഇതിന്റെ 11 ാം വകുപ്പില്‍ ചന്ദ്രനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രത്യേകമായി പറഞ്ഞിട്ടുണ്ട്.






