
നെയ്യാറ്റിൻകര : രാജന്-അമ്പിളി ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഈ കുടുംബത്തെ ഒഴിപ്പിക്കാൻ പരാതി നൽകിയ അയൽവാസി പോങ്ങിൽ നെട്ടത്തോട്ടം ലക്ഷം വീട്ടിൽ വസന്തയ്ക്ക് ഈ ഭൂമിയിൽ പട്ടയാവകാശമില്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. മരിച്ച രാജൻ 2 മാസം മുൻപേ ഈ വിവരാവകാശ രേഖ നേടിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
അതിയന്നൂർ വില്ലേജിൽ (ബ്ലോക്ക് നമ്പർ 21) 852/16, 852/17, 852/18 എന്നീ റീസർവേ നമ്പറുകളിലെ ഭൂമി തന്റേതാണെന്നായിരുന്നു വസന്തയുടെ അവകാശവാദം. ഇതെല്ലാം കൂടി 12 സെന്റ് വരും. എന്നാൽ ഈ ഭൂമി എസ്.സുകുമാരൻ നായർ, കെ.കമലാക്ഷി, കെ.വിമല എന്നിവരുടെ പേരുകളിലാണെന്നു വിവരാവകാശ രേഖ പറയുന്നു. സർക്കാർ കോളനികളിൽ താമസിക്കുന്നവർക്കു പട്ടയം നൽകുമ്പോൾ പരമാവധി 2, 3, 4 സെന്റുകൾ വീതമാണു നൽകുന്നത്. ഇവ നിശ്ചിത വർഷത്തേക്കു കൈമാറ്റം ചെയ്യാൻ പാടില്ലെന്നും വ്യവസ്ഥ ചെയ്യാറുണ്ട്. 12 സെന്റ് ഭൂമി ഒരാൾക്കു മാത്രമായി പതിച്ചു നൽകാൻ സാധ്യതയില്ലെന്നു നിയമവിദഗ്ധർ അറിയിച്ചു. പട്ടയം കിട്ടിയവരിൽ നിന്നു വിലയ്ക്കു വാങ്ങാൻ സാധ്യതയുണ്ട്. പക്ഷേ രേഖകൾ പ്രകാരം വസന്ത ഈ സ്ഥലത്തിന്റെ ഉടമസ്ഥയല്ല.
ഇതേ ഭൂമിയില് അവകാശം സ്ഥാപിച്ചുകൊണ്ട് വസന്തയുടെ കൈവശമുള്ള പട്ടയം വ്യാജമാണോ എന്നു പരിശോധിക്കാൻ കലക്ടർ നവ്ജ്യോത് ഖോസ തഹസിൽദാർക്കു നിർദേശം നൽകിയട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു വ്യക്തത വരുത്തിയ ശേഷം സർക്കാർ കോടതിയെ അറിയിക്കും. രാജന്റെ വസതിയിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇക്കാര്യം അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഈ രേഖ കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കേസിന്റെയും ആ കുടുംബത്തിന്റെയും വിധി മറ്റൊന്നായേനെ. എന്നാൽ, എന്തുകൊണ്ടാണ് ഈ രേഖ കോടതിക്കു മുന്നിൽ എത്താതിരുന്നത് എന്നതാണ് ദുരൂഹം.






