ഇന്ത്യയിലെ കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയിലെ മുന്‍നിര മോഡലാണ് ഹോണ്ടയുടെ ഷൈന്‍. പുതിയ റിപ്പോർട്ട് പ്രകാരം ഹോണ്ട ഷൈന്‍ 90 ലക്ഷത്തിലേറെ ഉപയോക്താക്കളുടെ കൈയിൽ ഇന്ന് എത്തിക്കഴിഞ്ഞു. 2006-ലാണ് ഇന്ത്യയില്‍ ബൈക്ക് ആദ്യമായി അവതരിപ്പിച്ചത്. ഈ 125 സി.സി. ബൈക്ക് 14 വര്‍ഷത്തിനുള്ളിലാണ് 90 ലക്ഷം യൂണിറ്റ് നിരത്തുകളില്‍ എത്തിച്ചിട്ടുള്ളതെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ അറിയിച്ചു.
കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയുടെ 39 ശതമാനം വിപണി വിഹിതം ഷൈനിന് സ്വന്തമാണ്. ഈ ബൈക്ക് കൂടുതല്‍ ജനപ്രിയമാകാൻ കാരണം ഉപയോക്താക്കളുടെ താത്പര്യങ്ങള്‍ പരിഗണിച്ചുള്ള ഫീച്ചറുകള്‍ നല്കിയതുകൊണ്ടാണെന്നാണ് ഹോണ്ട ഇന്ത്യ അഭിപ്രായപ്പെടുന്നത്. ഹോണ്ട ഷൈന്‍ ഇന്ത്യയിൽ എത്തി വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന 125 സി.സി. മോട്ടോര്‍ സൈക്കിള്‍ എന്ന ബഹുമതി സ്വന്തമാക്കിയിരുന്നു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പ്രതിമാസ വില്‍പ്പനയിലും വർദ്ധനവുണ്ടായിട്ടുണ്ട്. ഷൈനിന്റെ 75,144 യൂണിറ്റാണ് 2019 നവംബറില്‍ നിരത്തുകളില്‍ എത്തിയത്. 2020 നവംബറില്‍ ഇത് 94,413 യൂണിറ്റായി ഉയരുകയായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 26 ശതമാനത്തിന്റെ വില്‍പ്പന വളര്‍ച്ചയാണ് ഷൈനിന് ലഭിച്ചതെന്നാണ് സൂചന.






