
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച ദമ്പതിമാര്‍ താമസിച്ചിരുന്ന വീടും ഭൂമിയും വാങ്ങി വ്യവസായി ബോബി ചെമ്മണ്ണൂര്‍. വസന്തയില്‍ നിന്ന് മരിച്ച ദമ്പതികളുടെ മക്കള്‍ക്കായി ബോബി ഭൂമി വിലയ്ക്ക് വാങ്ങിയത്. രാജന്റെ രണ്ടു മക്കളുടെ പേരില്‍ തന്നെയാണ് ഭൂമി വാങ്ങിയത്.
ഭൂമിയുടെ രേഖകള്‍ ശനിയഴ്ച വൈകിട്ട് ബോബി ചെമ്മണ്ണൂര്‍ മക്കള്‍ക്ക് കൈമാറും. ഭൂമിയും വീടും ഉള്‍പ്പെടെ 4 സെന്റ് സ്ഥലം ഉടമയ്ക്ക് 5 ലക്ഷം രൂപ നല്‍കിയാണ് ബോബി വാങ്ങിയത്. വീട് പുതുക്കിപ്പണിയുമെന്ന് പറഞ്ഞ ബോബി കുട്ടികളുടെ സംരക്ഷണവും ഏറ്റെടുത്തു.
തിരുവനന്തപുരം ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു വീടും സ്ഥലവും വാങ്ങാന്‍ ബോബി ചെമ്മണ്ണൂര്‍ തിരുവനന്തപുരത്തെത്തിയത്. വീട് പണി പൂര്‍ത്തിയാകുന്നതു വരെ തൃശ്ശൂരിലെ ശോഭ സിറ്റിയിലെ തന്റെ വീട്ടിലേക്ക് കുട്ടികളെ കൊണ്ടുപോകുമെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.






