
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പാര്‍ലമെന്റ് അക്രമണകാരികളെ 'അമേരിക്കന്‍ ദേശസ്നേഹികള്‍' എന്ന് വിശേഷിപ്പിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ ട്വീറ്റ്. ജോ ബൈഡനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കാനുള്ള അന്തിമ നടപടിയിലേക്ക് കടക്കും മുന്നേയാണ് ട്രംപ് അനുകൂലികള്‍ കലാപം അഴിച്ചുവിട്ടത്. യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോള്‍ മന്ദിരത്തിലേക്ക് ട്രംപ് അനുകുലികള്‍ ഇരച്ചുകയറിയതാണ് കലാപത്തിലേക്ക് നയിച്ചത്.
ലോകനേതാക്കള്‍ ഉള്‍പ്പെടെ ട്രംപിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ്. ഇതിനിടെയാണ് കലാപകാരികളെ ദേശസ്നേഹികള്‍ എന്ന് വിളിച്ചുകൊണ്ടുള്ള ഇവാന്‍ക ട്രംപിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ തൊട്ടു പിന്നാലെ ഇവാന്‍ക ട്വീറ്റ് ഡിലീറ്റ് ചെയ്തുവെങ്കിലും സ്ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുകയാണെന്നും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സമാധാനമായി തുടരാന്‍ അനുയായികളെ പ്രേരിപ്പിച്ചുള്ള ട്രംപിന്റെ പോസ്റ്റ് റിട്വീറ്റ് ചെയ്തുകൊണ്ടാണ് ഇവാന് ട്രംപ് വിവാദ ട്വീറ്റ് പോസ്റ്റ് ചെയ്തത്.
'അമേരിക്കന്‍ ദേശസ്നേഹികള്‍- നിയമപാലകരോടുള്ള ഏതെങ്കിലും സുരക്ഷാ ലംഘനമോ അനാദരവോ അംഗീകരിക്കാനാകില്ല. അക്രമം അവസാനിപ്പിക്കണം' എന്നായിരുന്നു ഇവാങ്കയുടെ ട്വീറ്റ്. എന്നാല്‍ ഇതിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ ഇവാങ്കയോട് ചോദ്യമുയര്‍ത്തി. 'നിങ്ങള്‍ പറയുന്നത് ഈ ആളുകള്‍ ദേശസ്നേഹികള്‍ ആണെന്നാണോ?.. ഇല്ല. സമാധാനപരമായ പ്രതിഷേധം ദേശസ്നേഹമാണ്. അക്രമം അസ്വീകാര്യമാണ്. മാത്രമല്ല, അതിനെ ശക്തമായ രീതിയില്‍ അപലപിക്കുകയും വേണം. . ഇവാങ്ക മറുപടി നല്കി.







Comments