തിരുവനനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാലങ്ങള്‍ നിര്‍മ്മിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തില്‍ 245 പാലങ്ങളാണ് പൂര്‍ത്തിയാക്കിയത്. ആരവങ്ങളില്ലാതെ ഇത്രയധികം പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത സംസ്ഥാനത്ത് ഭരണം തീരാറായപ്പോള്‍ കൊച്ചിയില്‍ രണ്ട് പലങ്ങള്‍ വലിയ ആഘോഷങ്ങളോടെ തുറന്നത് കാണുമ്പോള്‍ അതിശയം തോന്നിയെന്നും ഉമ്മന്‍ ചാണ്ടി പരിഹസിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഡിപിആര്‍ തയ്യറാക്കി ഭരണപരമായ അനുമതി കൊടുത്ത വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈഓവറുകള്‍ അഞ്ചു വര്‍ഷമെടുത്ത് ഇടതു സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയതല്ലാത്ത ഒരു ഫ്ളൈഓവറോ പാലമോ ഈ സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
അതിവേഗം വികസിക്കുന്ന കൊച്ചിയില്‍ സുഗമമായ ഗതാഗതത്തിനാണ് പലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ എന്നിവിടങ്ങളില്‍ ഫ്ളൈഓവര്‍ നിര്‍മ്മിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതില്‍ ഇടപ്പള്ളിയും പാലാരിവട്ടവും പൂര്‍ത്തിയാക്കുകയും ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുകയും ചെയ്തു. പാലാരിവട്ടം പാലം നിര്‍മ്മിക്കാനായി 70 ശതമാനം യുഡിഎഫ് സര്‍ക്കാരും 30 ശതമാനം ഇടതു സര്‍ക്കാരുമാണ് പൂര്‍ത്തിയാക്കിയതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈഓവര്‍ ഡിപിആര്‍ തയ്യാറാക്കി സ്പെഷല്‍ പര്‍പസ് വെഹിക്കിള്‍ രൂപീകരിച്ചു. കേരള റോഡ് ഫണ്ടില്‍ നിന്ന് പ്രാഥമിക ചെലവുകള്‍ക്കായി തുകയും അനുവദിച്ചു. അപ്പോഴേക്കും തിഞ്ഞെടുപ്പ് വിജ്ഞാപനം എത്തി. യുഡിഎഫ് സര്‍ക്കാര്‍ ആഴ്ചയില്‍ ഒരു പാലം എന്ന നിരക്കില്‍ പാലങ്ങള്‍ നിര്‍മ്മിച്ചപ്പോള്‍ ഇടതു സര്‍ക്കാര്‍ അഞ്ചു വര്‍ഷം കൊണ്ട് ഒരു പാലം എന്ന നയമാണ് സ്വീകരിച്ചതെന്ന് അദേഹം പരിഹസിച്ചു.






