തിരുവനന്തപുരം: ലൈഫ് മിഷന് കേസില്‍ സിബിഐക്ക് അന്വേഷണം തുടരാന്‍ അനുമതി നല്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അഴിമതിരഹിത സര്‍ക്കാരാണെന്ന് പറയുന്ന മുഖ്യമന്ത്രി എന്തിനാണ് ലൈഫ് മിഷന് കേസില്‍ സിബിഐ അന്വേഷണം ഭയക്കുന്നത്. കുറ്റം ചെയ്തില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും അദേഹം പറഞ്ഞു.
സിബിഐ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് പലതും ഒളിച്ചുവയ്ക്കാനുള്ളതുകൊണ്ടാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. അഴിമതിരഹിത സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ട് നിമിഷങ്ങള്‍ക്കകം ഹൈക്കോടതി ലൈഫ് മിഷന് കേസ് അന്വേഷണത്തിന് സിബിഐയ്ക്ക് അനുമതി നല്‍കിയതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ഈ കേസ് തുടക്കം മുതല്‍ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സെക്രട്ടറിയേറ്റില്‍ നിന്നും ഇത് സംബന്ധിച്ച് സുപ്രധാന ഫയലുകള്‍ വിജിലന്‍സ് കടത്തി കൊണ്ടുപോയതില്‍ ദുരൂഹതയുണ്ടെന്നും അദേഹം ആരോപിച്ചു. സര്‍ക്കാരിന് ഏറ്റ കനത്ത തിരിച്ചടിയാണ് സിബിഐ അന്വേഷണത്തിന് അനുമതി നല്‍കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്.
മുഖ്യമന്ത്രിയുടെയും അദേഹത്തിന്റെ ഉപജാപകവൃന്ദത്തിന്റെയും മന്ത്രിമാരുടെയും പങ്ക് അന്വേഷണത്തിലൂടെ കൂടുതല്‍ വ്യക്തമാകുമെന്നും അഴിമതി പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യപ്പെടണമെന്നും അതിനുള്ള തുടക്കമാണ് കോടതിവിധിയെന്നും മുല്ലപ്പള്ളി പറഞ്ഞു.




