
റിയാദ് : കഴിഞ്ഞ മൂന്നര വർഷത്തെ ഉപരോധത്തിന് വിരാമമിട്ട് ഖത്തർ എയർവെയ്സ് സൗദി സർവീസുകൾ ഇന്നലെ മുതൽ പുനരാരംഭിച്ചു . ഇന്നലെ മുതൽ റിയാദ് സർവീസുകളാണ് ഖത്തർ എയർവെയ്സ് ആരംഭിച്ചത് . ജിദ്ദ സർവീസുകൾ വ്യാഴം മുതലും ദമാം സർവീസുകൾ ശനിയാഴ്ച മുതലും പുനരാരംഭിക്കും. ദോഹയിലേക്കുള്ള വിമാന സർവീസുകൾ ഇന്നലെ മുതൽ സൗദി എയർ ലൈൻസും പുനരാരംഭിച്ചു .
റിയാദിൽ നിന്ന് പ്രതിവാരം നാലു സർവീസുകളും ജിദ്ദയിൽ നിന്ന് ആഴ്ചയിൽ മൂന്നു സർവീസുകളും വീതം പ്രതിവാരം ഏഴു സർവീസുകളാണ് സൗദി എയർ ലൈൻസ് ദോഹയിലേക്ക് സർവീസ് നടത്തുക. റിയാദിൽ നിന്ന് ദോഹയിലേക്കുള്ള സൗദി എയർ ലൈൻസിന്റെ ആദ്യ സർവീസ് ആണ് ഇന്നലെ വൈകീട്ട് 4.40 നോടെ പുറപ്പെട്ടത് .
ഖത്തർ വിമാനങ്ങൾക്കു മുന്നിൽ ബഹ്റൈൻ വ്യോമ മേഖലയും ഇന്നലെ തുറന്നതായി ബഹ്റൈൻ അധികൃതർ അറിയിച്ചു. ഇന്നലെ മുതൽ ആണ് ഖത്തർ വിമാനങ്ങൾക്കു മുന്നിൽ ബഹ്റൈൻ വ്യോമമേഖല തുറന്നുകൊടുത്തതെന്ന് ബഹ്റൈൻ ഗതാഗത, ടെലികോം മന്ത്രാലയത്തിലെ സിവിൽ ഏവിയേഷൻ അതോറിറ്റി വെളിപ്പെടുത്തി. സൗദി അറേബ്യയും യു.എ.ഇയും ഖത്തറുമായുള്ള മുഴുവൻ അതിർത്തികളും നേരത്തെ തന്നെ തുറന്നിരുന്നു. സൗദി അറേബ്യക്കും യു.എ.ഇക്കും ഖത്തറിനുമിടയിൽ വിമാന സർവീസുകളും പുനരാരംഭിച്ചിട്ടുണ്ട്.
ഗൾഫ് നാടുകളുടെ ഐക്യത്തിന്റെയും വികസന പാതയിലേക്കുമുള്ള മുന്നേറ്റത്തിനുമായി ജനുവരി ആറിന് നടന്ന 41 -മത് ഗൾഫ് ഉച്ചകോടിയാണ് സമാധാനത്തിന് വഴി തെളിയിച്ചത് . കഴിഞ്ഞ മൂന്നര വർഷമായി തുടരുന്ന ഖത്തർ ഉപരോധത്തിന്ആണ് ഇതോടെ അറുതിയായത് .






