തിരുവനന്തപുരം: ഇടത് സര്‍ക്കരിന്റെ കാലവധി അവസാനിക്കാന്‍ രണ്ടുമാസം മാത്രമുള്ളപ്പോള്‍ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ചത് രാഷട്രീയ അധാര്‍മ്മികതയും തെറ്റായ നടപടിയുമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കാലവധി അവസാനിക്കാനിരിക്കുന്ന സര്‍ക്കാരിന് സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാന്‍ എങ്ങനെയാണ് സാധിക്കുക എന്നതിന് വിദഗ്ധര്‍ മറുപടി പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഇടത് സര്‍ക്കാര്‍ അഞ്ചു വര്‍ഷം കൊണ്ട് സമസ്തമേഖലകളും തകര്‍ത്തതിന്റെ നേര്‍ചിത്രമാണ് ബജറ്റിലുള്ളത്. കരകയറാന്‍ സാധിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. സാമ്പത്തിക വളര്‍ച്ചയിലും റവന്യൂ വരുമാനത്തിലംു ഉണ്ടായ വന്‍ ഇടിവും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും കോവിഡ് മഹാമാരിയും കടുത്ത പ്രതിസന്ധിയിലേക്കാണ് വിരള് ചൂണ്ടുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കര കയറാനുള്ള ഒരു നടപടിയും ബജറ്റിലില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.
അഞ്ചു വര്‍ഷം ഒന്നും ചെയ്യാതെ ഭരണം അവസാനിക്കാറായപ്പോള്‍ ധനമന്ത്രി ഗിരിപ്രഭാഷണം നടത്തുകയാണെന്നും അദേഹം വിമര്‍ശിച്ചു. ധനമന്ത്രിക്ക് ധന സമാഹരണത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ല. ദിശാബോധം ഇല്ലാത്ത ബജറ്റാണിത്. അടുത്ത സര്‍ക്കാരിന്റെ മേല്‍ അധിക സാമ്പത്തികഭാരം വരുത്തുന്നതാണ് ബജറ്റിലെ പ്രഖ്യാപനം. കൊവിഡ് ബാധിതര്‍, മടങ്ങിയെത്തിയ പ്രവാസികള്‍, യുവജനങ്ങള്‍ തുടങ്ങിയവര്‍ക്ക് പ്രതീക്ഷിക്കാന്‍ ഒന്നും തന്നെ ബജറ്റിലില്ല.
തൊഴിലില്ലായ്മ കേരളം നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് അധികാരം ഒഴിയാന്‍ നേരമാണ് എല്‍ഡിഎഫ് സര്‍ക്കാരിന് തിരിച്ചറിവുണ്ടായത്. പോകുന്ന പോക്കില്‍ കുറച്ച് പ്രഖ്യാപനങ്ങള്‍ നടത്തിയതുകൊണ്ട് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം മുല്ലപ്പള്ളി പറഞ്ഞു.






