
കൊല്ലം: ഉത്രയെ അണലിയും മൂര്‍ഖനും കടിക്കാനിടയായ സാഹചര്യങ്ങള്‍ അസ്വാഭാവികത നിറഞ്ഞതാണെന്നും പ്രഥമദൃഷ്ട്യാ തന്നെ ആ സാഹചര്യങ്ങളില്‍ പാമ്പു കടിയേല്‍ക്കുന്നത് സ്വാഭാവികമായ സംഭവമല്ലെന്നും ഉത്ര വധക്കേസില്‍ പ്രോസിക്യൂഷന് വാദം സാക്ഷിയായി വിസ്തരിച്ച സര്‍പ്പ ശാസ്ത്ര വിദഗ്ദ്ധന് മഹീഷ്കുമാര് കോടതിയില്‍ മൊഴി നല്കി.
ഉത്ര മരിച്ച മുറി പരിശോധിച്ചതില്‍ പാമ്പ് ആ മുറിയില്‍ സ്വാഭാവികമായി എത്താനോ രാത്രി സമയത്ത് ആക്രമണ സ്വഭാവത്തോടെ കടിക്കാനോ സാധ്യതയില്ലെന്ന് പാമ്പുകളെ പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക മാര്‍ഗരേഖ തയാറാക്കുന്നതിനുള്ള കമ്മിറ്റിയില്‍ അംഗമായിരുന്ന മഹീഷ് വെളിപ്പെടുത്തി. ഉത്രയുടെ മുറിയില്‍ ഡെറ്റോളും മറ്റും ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. രൂക്ഷ ഗന്ധമുള്ള അത്തരം വസ്തുക്കളുള്ള സ്ഥലങ്ങള്‍ പാമ്പുകള്‍ ഒഴിവാക്കാറുണ്ട്. ഉത്രയുടെ കൈകളില്‍ കണ്ട പാമ്പ് കടി സ്വാഭാവികമല്ല. അടൂരെ സൂരജിന്റെ വീടും പരിസരവും പരിശോധിച്ചതില്‍ അത് അണലിയുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ സ്ഥലമാണെന്ന് തോന്നിയില്ലെന്നും മഹീഷ് വെളിപ്പെടുത്തി. അണലി സാധാരണ വരണ്ട കാലാവസ്ഥയാണ് ഇഷ്ടപ്പെടുന്നത്.
സാധാരണഗതിയില്‍ തറയില്‍ കൂടി സഞ്ചരിക്കാന്‍ താല്പര്യമെടുക്കുന്ന ഉരഗമാണിത്.
ഉയരങ്ങളില്‍ കയറാറില്ലാത്തതു കൊണ്ട് മുകള്‍ നിലയില്‍ അണലിയെത്തി ഉത്രയെ കടിച്ചു എന്നത് അവിശ്വസനീയമാണ്. കൂടാതെ മുട്ടിന് തൊട്ടു താഴെ കടിച്ചുവെന്നതും ആ വേദന അറിഞ്ഞില്ലെന്നതും തികച്ചും സംശയാസ്പദമാണ്.
അണലിയുടെ കടി അതീവ വേദനാജനകമാണെന്നും അത് ഒരാളും അറിയാതെ പോകില്ലെന്നും മഹീഷ് മൊഴി നല്കി. അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യ പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരം കൃത്യം നടന്ന സ്ഥലം പുനരാവിഷ്കരിച്ച് അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂര്‍ഖനെ ഉപയോഗിച്ചും അണലിയെ ഉപയോഗിച്ചും ഡമ്മി പരീക്ഷണം നടത്തിയതിന്റെ വിശദാംശങ്ങള്‍ സാക്ഷി കോടതിയെ അറിയിച്ചു. മൂര്‍ഖനെ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തില്‍ സ്വാഭാവികമായി കടിച്ച കടികള്‍ക്ക് 1.7 സെന്റിമീറ്റര്‍ കടിവായാണ് ഉണ്ടായിരുന്നത്. എന്നാല്‍ മൂര്‍ഖനെ കൈകൊണ്ട് പിടിച്ച് കടിപ്പിച്ചപ്പോള്‍ അതിന്റെ തലയോട്ടി ചലിക്കുകയും പല്ലിന്റെ വിടവിനേക്കാള്‍ കൂടുതല്‍ അകലത്തില്‍ രണ്ട് സെന്റിമീറ്ററും 2.4 സെന്റീമീറ്ററും അകലത്തില്‍ കടിവാ അകലം കാണുകയും ചെയ്തു. ഉത്രയുടെ മൃതദേഹത്തില്‍ കണ്ട മുറിവുകള്‍ 2.3 സെന്റിമീറ്ററും 2.8 സെന്റീമീറ്ററും ഉള്ളതായിരുന്നു.
വ്യത്യസ്തമായ മുറിവുകള്‍ അത് ബലമായി കടിപ്പിച്ചതാണെന്നുള്ളതിന് തെളിവാണ്. തലയില്‍ മര്‍ദം കൊടുക്കുമ്പോള്‍ മൂര്‍ഖന്റെ പല്ലുകള്‍ അകലുന്നതിന്റെ ദൃശ്യം മഹീഷ്കുമാര് കോടതിയെ കാട്ടി വിശദീകരിച്ചു. രാത്രിയില്‍ ആക്രമണ സ്വഭാവം കാണിക്കുന്ന പാമ്പാണ് അണലി. പ്രകോപനമില്ലാതെ തന്നെ അണലി കടിക്കും. ഉത്രയെ രണ്ട് പ്രാവശ്യം പാമ്പു കടിച്ചത് സ്വാഭാവികമാണെന്ന് കരുതാന്‍ കഴിയുകയില്ലെന്നും മഹേഷ്കുമാര്‍ പറഞ്ഞു.സാക്ഷി വിസ്താരം ഫെബ്രുവരി അഞ്ചിന് തുടരും.







Comments