
റോം: ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച ഗോളടിക്കാരന്‍ താന്‍ തന്നെയാണെന്ന് അടിവരയിട്ട് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ. ഇറ്റാലിയന്‍ സൂപ്പര്‍കപ്പില്‍ യുവന്റസിനെ കിരീടം നേടാന്‍ സഹായി ഇരട്ടഗോളുകളിലൂടെ റൊണാള്‍ഡോ ചരിത്രമെഴുതി. രാജ്യത്തിനും ക്ലബ്ബുകള്‍ക്കുമായി 760 ഗോളുകളുടെ നേട്ടമാണ് പോര്‍ച്ചുഗീസ് താരം സ്വന്തമാക്കിയത്. ഓസ്ട്രിയന്‍ ഇതിഹാസം ജോസഫ് ബികാന്റെ 759 ഗോളുകളടെ റെക്കോഡാണ് റൊണാള്‍ഡോ മറികടന്ന്.
757 ഗോളുകള്‍ നേടിയ ഫുട്ബോള്‍ രാജാവ് പെലെയുടെ റെക്കോഡ് നേരത്തേ തന്നെ ക്രിസ്ത്യാനോ മറികടന്നിരുന്നു. 743 ഗോളുകളുമായി ബ്രസീലിയന്‍ താരം റൊമാരിയോയാണ് നാലാം സ്ഥാനത്ത്. ആധുനിക ഫുട്ബോളില്‍ റൊണാള്‍ഡോയുടെ മുഖ്യ എതിരാളിയായി പരിഗണിക്കപ്പെടുന്ന ബാഴ്സിലോണയുടെ മെസ്സി അഞ്ചാമതാണ്. 719 ഗോളുകളാണ് മെസ്സിക്ക് സ്വന്തം. പോര്‍ച്ചുഗീസ് ക്ലബ്ബ് സ്പോര്‍ട്ടിംഗ് ലിസ്ബേന്, പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്, ഇറ്റാലിയന്‍ കരുത്തരായ യുവന്റസ് എന്നിവര്‍ക്കൊപ്പം പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി നേടിയ ഗോളുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടെയാണ് ക്രിസ്ത്യാനോ 760 ഗോളുകളടിച്ചത്.
2018 ല്‍ യുവന്റസ് ക്ലബ്ബിന്റെ ഭാഗമായി മാറിയ താരം ഇറ്റാലിയന്‍ സീരി എ യില്‍ മാത്രം ഇതുവരെ 85 ഗോളുകള്‍ അടിച്ചു കഴിഞ്ഞു. ഈ സീസണില്‍ 32 കളികളില്‍ ഇതുവരെ 32 ഗോളുകളുമായി. നേരത്തേ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 118 ഗോളുകള്‍ നേടിയ ക്രിസ്ത്യാനോ പിന്നീട് റയലിലേക്ക് പോയപ്പോള്‍ അവിടെ അടിച്ചു കൂട്ടിയത് 450 ഗോളുകളാണ്. പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ നായകനായ ക്രിസ്ത്യാനോ സ്വന്തം രാജ്യത്തിന് മാത്രം 102 ഗോളുകള്‍ കുറിച്ചിട്ടുണ്ട്. പോര്‍ച്ചുഗലില്‍ സ്പോര്‍ട്ടിംഗ് ലിസ്ബനില്‍ കളി തുടങ്ങിയ ക്രിസ്ത്യാനോ അവിടെ അഞ്ചു ഗോളും നേടിയിട്ടുണ്ട്.
ഇറ്റാലിയന്‍ സൂപ്പര്ക്കപ്പിന്റെ ഫൈനലില്‍ ക്രിസ്ത്യാനോയുടെ ഡബിളില്‍ നാപ്പോളിയെ തകര്‍ത്ത് യുവന്റസ് കിരീടം നേടുകയും ചെയ്തു. ഇറ്റലിയിലെ ഏറ്റവും മികച്ച ക്ലബ്ബുകളില്‍ ഒന്നായ യുവന്റസിന് വേണ്ടി ടൂറിനില്‍ എത്തിയ ശേഷം നാലു കിരീടങ്ങള്‍ ക്രിസ്ത്യാനോയുടെ മികവില്‍ ഇറ്റാലിയന്‍ വമ്പന്മാര് നേടിയിട്ടുണ്ട്. പുതിയതായി ക്ലബ്ബിന്റെ പരിശീലക ചുമതലയേറ്റ ഇറ്റാലിയന്‍ ഇതിഹാസതാരം ആന്ദ്രേ പിര്‍ലോയ്ക്ക് ഇത് ആദ്യ കിരീടമാണ്. ഒമ്പതാം തവണയാണ് യുവന്റസ് ഈ കിരീടം നേടുന്നത്.






