
കല്‍പ്പറ്റ: വയനാട് മേപ്പാടിയിലെ റിസോര്‍ട്ടില്‍ കോളജ് അധ്യാപികയായ ഷഹാനയുടെ ജീവനെടുത്തത് അനിയന്ത്രിത ടൂറിസം. മേപ്പാടി എളമ്പിലേരിയിലെ റെയിന്കണ്ട്രി വില്ല റിസോര്‍ട്ടിന്റെ എക്സ്പ്ലോര്‍ വയനാട് എന്ന ടെന്റ് പാക്കേജിന്റെ ഭാഗമായാണ് ഷഹാനയും ബന്ധുക്കളും ഇവിടെയെത്തിയത്.
വയനാടിന്റെ വന്യതയും പ്രകൃതി മനോഹാരിതയും ആസ്വദിക്കാനെന്ന പേരില്‍ വനാതിര്‍ത്തിയിലാണ് റെയിന്‍ കണ്ട്രി റിസോര്‍ട്ട് സ്ഥാപിച്ചിരിക്കുന്നത്. സഞ്ചാരികളുടെ സുരക്ഷക്കായി യാതൊരു നടപടികളും സ്വീകരിക്കാതെ പണസമ്പാദനത്തിനു മാത്രമായാണ് റിസോര്‍ട്ട് അധികൃതര്‍ ടെന്റില്‍ ആളുകളെ താമസിപ്പിച്ചിരുന്നതെന്ന് ഇവിടെയുള്ള കാഴ്ചകള്‍ വ്യക്തമാക്കുന്നു.
കാട്ടാനയുടെ ആക്രമണത്തില്‍ ശനിയാഴ്ച രാത്രി ഷഹാന മരിച്ചതിനു പിന്നാലെ മറ്റു ടെന്റുകളിലെ താമസക്കാരെ റിസോര്‍ട്ട് അധികൃതര്‍ പെട്ടന്ന് മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി. റിസോര്‍ട്ട് നടത്തിപ്പുകാര്‍ മുങ്ങുകയും ചെയ്തു. റിസോര്‍ട്ടിലെ ജീവനക്കാരനായ പ്രദേശവാസിയായ ഒരാള്‍ മാത്രമാണ് ഇന്നലെ ഇവിടെ ഉണ്ടായിരുന്നത്.
പേരില്‍ റിസോര്‍ട്ട് ആണെങ്കിലും ശൗചാലയം, അടുക്കള, സ്റ്റോര്‍ എന്നിവ അടങ്ങിയ ചെറിയൊരു കെട്ടിടം മാത്രമാണുള്ളത്. വന്‍കിട തോട്ടങ്ങള്‍, വനം എന്നിവയാല്‍ ചുറ്റപ്പെട്ട സ്ഥലം. വനത്തിലേക്ക് റിസോര്‍ട്ടില്‍നിന്ന് 150 മീറ്ററോളം മാത്രം ദൂരം. തോട്ടങ്ങള്‍ കാടുപിടിച്ചുകിടക്കുന്നതിനാല്‍ പട്ടാപ്പകലും കാട്ടാനകളെ ഇവിടെ കാണാം. വന്യമൃഗങ്ങള്‍ ദാഹം തീര്‍ക്കാനെത്തുന്നത് തൊട്ടടടുത്ത അരുവിയിലാണ്. ഏതുസമയത്തും വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാകാം. പക്ഷെ റെയിന്കണ്ട്രി റിസോര്‍ട്ടിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി മതിലോ വേലികളോ ഇല്ല. പാറകള്‍ നിറഞ്ഞ സ്ഥലത്ത് അടുത്തടുത്തായി സ്ഥാപിച്ചിരിക്കുന്ന ഇരുപതോളം ടെന്റുകള്‍. ഒരു ടെന്റില്‍ മൂന്നുപേര്‍ക്കു താമസിക്കാന്‍ സൗകര്യം.
മേപ്പാടി ടൗണില്‍നിന്ന് റെയിന്കണ്ട്രി റിസോര്‍ട്ടിലേക്ക് 10 കിലോമീറ്റര്‍ ദൂരമുണ്ട്. ഇതില്‍ ആറുകിലോമീറ്റര്‍ ദൂരമാണ് ഗതാഗതയോഗ്യം. ബാക്കി നാലുകിലോമീറ്റര്‍ താണ്ടണമെങ്കില്‍ ജീപ്പ് തന്നെ ശരണം. അരുവിയിലൂടെയാണ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചിരിക്കുന്നത്. റിസോര്‍ട്ടില്‍ എതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും എത്താന്‍ ബുദ്ധിമുട്ടാണ്. കാര്യമായ മുതല്‍മുടക്കില്ലാതെ പണസമ്പാദനത്തിനുള്ള എളുപ്പമാര്ഗമായാണ് റിസോര്‍ട്ട് അധികൃതര്‍ ടെന്റ് പാക്കേജിനെ കാണുന്നത്.
ഒരുരാത്രിക്ക് 1,500 രൂപ മുതല്‍ 2,000 രൂപവരെയാണ് ടെന്റില്‍ താമസിക്കാനുള്ള വാടക. വനം, വന്യമൃഗങ്ങള്‍ തുടങ്ങിയവ സവിശേഷതകളായി കാണിച്ചാണ് പല റിസോര്‍ട്ട് അധികൃതരും സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഷഹാന മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ റിസോര്‍ട്ട് അധികൃതര്‍ വീഴ്ച വരുത്തിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മേപ്പാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് കേസ് അന്വേഷിക്കുന്നത്.
അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി 'മംഗള'ത്തോടു പറഞ്ഞു. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി. ശരീരത്തിലെ ആഴത്തിലുള്ള മുറിവുകള്‍ ആന കുടഞ്ഞെറിഞ്ഞത് മൂലമെന്നു ഡോക്ടര്‍. തലയുടെ പിന്‍ഭാഗത്തും ശരീരത്തിലും ഒട്ടേറെ മുറിവുകളും ചതവുകളുമുണ്ട്. ആന്തരിക അവയവങ്ങള്‍ തകര്‍ന്നാണ് മരണം സംഭവിച്ചത്. ആന തുമ്പിെക്കെ കൊണ്ട് അടിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം.
ഷഹാനയും ബന്ധുവായ യുവാവും ഇയാളുടെ സുഹൃത്തുമാണ് ടെന്റില്‍ താമസിക്കാന്‍ എത്തിയത്. രാത്രി ഷഹാന ടോയ്ലറ്റില് പോയി ടെന്റിലേക്ക് തിരിച്ചു വരുമ്പോള്‍ കാട്ടാന ആക്രമിച്ചുവെന്നും മറ്റുള്ളവരെല്ലാം ടെന്റുകളിലായിരുന്നുവെന്നുമാണ് റിസോര്‍ട്ടിലെ ജീവനക്കാരന് പറയുന്നത്. ആന തുമ്പിക്കെ കൊണ്ട് തട്ടിയെന്നാണ് ഇയാളുടെ വിശദീകരണം.
ടോയ്ലറ്റിനു സമീപം ഷഹാന വീണു കിടന്നിടത്ത് മാലയും ഇയര്‍ഫോണും ഉണ്ടായിരുന്നു. റിസോര്‍ട്ടിന് സമീപമെത്തിയ കാട്ടാനയെ കാണാന്‍ സഞ്ചാരികള്‍ ടെന്റിനു പുറത്തിറങ്ങിയപ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്ന സംശയം വനപാലകര്‍ക്കുണ്ട്. ടെന്റുകളില്‍ താമസിക്കാനായി ശനിയാഴ്ച രാത്രി 30 പേരാണുണ്ടായിരുന്നത്. രാത്രി ഏഴേകാലോടെയാണ് ഷഹാനയെ കാട്ടാന ആക്രമിച്ചത്.
8.14നു മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. റിസോര്‍ട്ടിന്റെ 50 മീറ്റര്‍ അകലെയായി ശനിയാഴ്ച രാത്രി കാട്ടാന എത്തിയിരുന്നു. ഇവിടെയുള്ള മരങ്ങള്‍ കാട്ടാന മറിച്ചിട്ടിരുന്നു. ടെന്റിന് സമീപത്തും കാട്ടാനയുടെ കാല്പാടുകള് കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ആന ഒരു ടെന്റ് പോലും ആക്രമിച്ചിട്ടില്ല. ഷഹാന വീണുകിടന്ന സ്ഥലത്തുനിന്ന് പോലീസ് തെളിവുകള്‍ ശേഖരിച്ചു.






