
കൊച്ചി: സ്വര്‍ണക്കടത്ത് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് ജാമ്യം. ഹൈക്കോടതിയാണ് ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 89 ദിവസങ്ങള്‍ക്ക് ശേഷമാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസില്‍ ഇനി ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല, കേസിന്റെ കുറ്റപത്രവും എന്‍ഫോഴ്സ്മെന്റ് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തിയാണ് കോടതി അദേഹത്തിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഡോളര്‍ കടത്ത് കേസില്‍ കൂടി ജാമ്യം അനുവദിച്ചാല്‍ മാത്രമേ ശിവശങ്കറിന് പുറത്തിറങ്ങാന്‍ കഴിയൂ. നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് ശിവശങ്കര്‍. സ്വര്ണക്ക്ള്ളക്കടത്തുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെതിരെ മൂന്ന് കേസുകളാണ് നിലവിലുള്ളത്. കള്ളപ്പണം വെളുപ്പിച്ചതിന് എനഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്തിനും ഡോളര്‍ കടത്തിനും കസ്റ്റംസ് രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ന് രാവിലെ ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ശിവശങ്കര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും അപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചത്.






