
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്നത് ഏറ്റവും മികച്ച ഓഫര്‍ ആണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രം നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യാമെന്ന നിര്‍ദേശമാണ് കര്‍ഷകര്‍ക്ക് മുന്നില്‍ വച്ചിരിക്കുന്നത്.
കര്‍ഷക സംഘടനകള്‍ നിര്‍ദേശം പുനപരിശോധിച്ച് തീരുമാനം അറിയിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രവും പ്രതിഷേധിക്കുന്ന 41 കര്‍ഷക സംഘടനകളുടെ പ്രതിനിധികളും തമ്മിലുള്ള 11 വട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. പത്താം ഘട്ട ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പുതിയ നിര്‍ദേശം മുന്നോട്ട്വെച്ചത്. ഒന്നര വര്‍ഷത്തേക്ക് നിയമം നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യാമെന്ന നിര്‍ദേശം എന്നാല്‍ കര്‍ഷകര്‍ തള്ളിയിരുന്നു.എന്നാല്‍ പതിനൊന്നാം ഘട്ട ചര്‍ച്ചയില്‍ കേന്ദ്രം കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. പുതിയ നിര്‍ദേശത്തിന് മേലുള്ള ചര്‍ച്ചകള്‍ മാത്രമേ ഇനിയുള്ളു എന്നാണ് കേന്ദ്ര നിലപാട്.






