
ആലപ്പുഴ: ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് ആലപ്പുഴ ബൈപ്പാസിലേക്ക് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. കെ.സി. വേണുഗോപാലിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം. വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച കോണ്‍ഗ്രസ് ദേശീയ പാത ഉപരോധിച്ചതിനെ തുടര്‍ന്ന് പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെതിരേയും സംസ്ഥാന സര്‍ക്കാരിനും എതിരേ രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ തുടര്‍ന്ന ദേശീയപാതയില്‍ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെടുകയും ചെയ്തു. ഇവരെ പിന്നീട് പോലീസ് എത്തി ബലം പ്രയോഗിച്ച് മാറ്റി. ഉദ്ഘാടന ചടങ്ങിന് തൊട്ടു മുമ്പായിരുന്നു പ്രതിഷേധവും അരങ്ങേറിയത്.
കെ.സി. വേണുഗോപാല്‍ എംപിയും എംഎല്‍എയുമായി ഇരുന്ന സമയത്ത് ബൈപ്പാസിന് വേണ്ടി സജീവമായി ഇടപെട്ടിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെ ഒഴിവാക്കാന്‍ ബിജെപിയും സിപിഎമ്മും ഒരുമിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് വിമുക്ത ഭാരതത്തിന് സിപിഎമ്മും പിന്തുണ നല്‍കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.
അതേസമയം ചടങ്ങിലേക്ക് എല്ലാവരേയും ക്ഷണിച്ചത് കേന്ദ്രമാണെന്നായിരുന്നു ജി സുധാകരന് നല്കിയ മറുപടി. കേന്ദ്രം ക്ഷണിക്കാത്തതില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ്. കെ.സി. വേണുഗോപാലിനെ ക്ഷണിക്കാത്തത് തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്നായിരുന്നു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന് പ്രതികരിച്ചത്.
ദേശീയപാതയില്‍ കളര്‍കോടുള്ള വേദിയില്‍ ഉദ്ഘാടനം ഉച്ചക്ക് ഒന്നിനു കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഓണ്‍ലൈനായി നിര്‍വഹിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യാതിഥിയാകും.
വേദിക്ക് പുറത്തായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം നടന്നത്. ചേടങ്ങില് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് അധ്യക്ഷത വഹിക്കും. അഞ്ചു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദേശീയപാത 66ല്‍ യാത്ര സുഗമമാക്കാന്‍ ഉപകരിക്കുന്ന െബെപ്പാസിന്റെ ഉദ്ഘാടനം വരുന്നത്. ദശീയപാതയില്‍ കളര്‍കോട് മുതല്‍ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണു ബൈപ്പാസിന്റെ നീളം.
കേന്ദ്ര സര്‍ക്കാര്‍ 172 കോടി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടി എന്നിങ്ങനെ 344 കോടി രൂപയാണ് ആകെ അടങ്കല്‍ തുക. ബൈപാസിന്റെ 4.8 എലിവേറ്റഡ് ഹൈവേയും 3.2 കിലോമീറ്റര്‍ മേല്‍പ്പാലവുമുണ്ട്. ബീച്ചിന്റെ മുകളില്‍ കൂടി പോകുന്ന സംസ്ഥാനത്തെ ആദ്യ മേല്‍പാലമെന്ന പ്രത്യേകതയും ആലപ്പുഴ ബൈപ്പാസിനു സ്വന്തമാണ്.






