ചെന്നൈ: എഐഎഡിഎംകെ നേതാക്കളായ ജയലളിത, എംജിആര്‍ എന്നിവരുടെ സ്മരണക്കായി നിര്‍മ്മിച്ച ക്ഷേത്രം മുഖ്യമന്ത്രി എടപ്പാടി പലനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും ചേര്‍ന്ന് തുറന്നു നല്കി. തിരുമംഗലത്തിനടുത്തുള്ള ടി കുന്നത്തൂരില്‍ 12 ഏക്കര്‍ വിസ്തൃതിയുള്ള സ്ഥലത്താണ് ക്ഷേ്ത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തില്‍ ജയലളിതയുടെയും എംജിആറിന്റെയും പൂര്‍ണകായ ചെമ്പ് പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.
50 ലക്ഷം രൂപ ചിലവിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എഐഎഡിഎംകെ സന്നദ്ധ സേവനവിഭാഗമായ അമ്മ പേരവൈയാണ് മധുര തിരുമംഗലത്ത് ക്ഷേത്രം നിര്‍മ്മിച്ചത്. ക്ഷേത്രം നിര്‍മ്മിക്കുന്നതിനായി മുന്‍കൈയെടുത്തത് അമ്മ പേരവൈ സെക്രട്ടറി കൂടിയായ റവന്യൂ മന്ത്രി ആര് ബി ഉദയകുമാര്‍ ആണ്.
ജയലൡതയുടെ മരണശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം. ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ എഐഎഡിഎംകെ നേതാക്കളും പങ്കെടുത്തു. അമ്മയുടെ സര്‍ക്കാര്‍ തുടരുന്നതിന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.






