
കഴിഞ്ഞ വര്‍ഷം ആണ് ടാറ്റ മോട്ടോഴ്സ് യാത്രാ-വാണിജ്യ വാഹനവിഭാഗങ്ങളെ പ്രത്യേകമാക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിന്റെ നടപടികള്‍ ഈവര്‍ഷം മേയ്-ജൂണ്‍ മാസങ്ങളിലായി പൂര്‍ത്തിയായേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. മാത്രമല്ല, ഇന്ത്യന്‍ യാത്രാവാഹന വിപണിയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സഹകരിച്ചുപ്രവര്‍ത്തിക്കുന്നതിന് അനുയോജ്യരായ പങ്കാളികളെ കണ്ടെത്താനും ഈ പദ്ധതിയിലൂടെ കമ്പനി ലക്ഷ്യമിടുന്നു.
പങ്കാളിത്തം സംബന്ധിച്ച് ദേശീയ കമ്പനിനിയമ ട്രിബ്യൂണലിന്റെ (എന്‍.സി.എല്‍.ടി.) അനുമതി ആവശ്യമാണ്. കൂടാതെ, ഓഹരിയുടമകളില്‍നിന്ന് പദ്ധതിക്ക് അംഗീകാരം തേടാന്‍ എന്‍.സി.എല്‍.ടി. നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് സൂചന. "വിവിധ കമ്പനികളുമായി പങ്കാളിത്തം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരുന്നതായും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമൊന്നുമായിട്ടില്ലെന്നും" കമ്പനിയുടെ സി.എഫ്.ഒ. പി. ബാലാജി വ്യക്തമാക്കി. ഇതിനായി മാര്‍ച്ച് അഞ്ചിന് പ്രത്യേക ജനറല്‍ ബോഡി ചേരാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
മൂന്നാംപാദത്തില്‍ മികച്ച വില്‍പ്പന കമ്പനി കരസ്ഥമാക്കിയതോടെ ലാഭത്തില്‍ 67.2 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം മുന്‍വര്‍ഷം ഇതേകാലയളവിലെ 1738.3 കോടിയില്‍നിന്ന് 2906.45 കോടിയായാണ് ലാഭവര്‍ധന. മാത്രമല്ല, കമ്പനിയുടെ മൊത്തം വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.5 ശതമാനം ഉയര്‍ന്ന് 75,653 കോടി രൂപയായെന്നാണ് റിപ്പോർട്ട്.






