
ബോംബെ: പോക്സോ കേസുകളില്‍ വിധികള്‍ പുറപ്പെടുവിച്ച് സുപ്രീംകോടതിയുടെ നിയമനം പിന്‍വലിക്കല്‍ നടപടിക്ക് ഇരയായ ജസ്റ്റിസ് പുഷ്പ വിരേന്ദ്ര ഗനേഡിവാല പഠന മേഖലകളില്‍ മികവ് കാട്ടിയ മികച്ച ട്രാക്ക് റെക്കോഡ് ഉള്ളയാള്‍. സ്വര്‍ണ്ണമെഡലോടെ ബീക്കോമും എല്‍എല്‍ബിയും എല്‍എല്‍എമ്മും നേടിയ ഗ്രനേഡിവാല രണ്ടു സുപ്രധാന വിധികള്‍ പുറപ്പെടുവിച്ച ഫുള്‍ബഞ്ചില്‍ അംഗമായിരുന്നതിന് ശേഷമാണ് പോക്സോ കേസുകളില്‍ തുടര്‍ച്ചയായി മൂന്ന് വിവാദ വിധി പുറപ്പെടുവിച്ചത്.
സ്ഥിരം നിയമനത്തിന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതിന് തൊട്ടു പിന്നാലെയായിരുന്നു പോക്സോ കേസുകളില്‍ വിവാദ വിധി പുറപ്പെടുവിച്ചത് നിയമനം പിന്‍വലിക്കലിന് ഇരയായത്. വസ്ത്രത്തിനു പുറത്തു കൂടിയുള്ള സ്പര്‍ശനം ലൈംഗിക പീഡനം അല്ല എന്നതായിരുന്നു ആദ്യ വിധി. തൊട്ടു പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ടു പാന്റ്സിന്റെ സിബ്ബ് അഴിപ്പിച്ച പ്രതിയെ പോക്സോ കേസില്‍ നിന്ന് ഒഴിവാക്കി. ഇരയായ കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ല എന്ന് ചൂണ്ടിക്കാട്ടി മറ്റൊരു പോക്സോ കേസില്‍ പ്രതിയെ വെറുതേ വിടുകയും ചെയ്തു. മൂന്ന് വിധികളും ഇന്ത്യയെ ആകെ ഞെട്ടിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് സുപ്രീം കോടതി ഈ വിധി സ്റ്റേ ചെയ്തിരിക്കുകയാണ്. 2018ല്‍ പുഷ്പ വി. ഗനേഡിവാലയുടെ പേര് ഹൈക്കോടതി ജഡ്ജിയായി നിര്‍ദേശിക്കപ്പെട്ടിരുന്നു. എന്നാല്‍ മുംബൈ ഹൈക്കോടതിയുടെ ശുപാര്‍ശ എതിരായിരുന്നു. സുപ്രീം കോടതിയും മുംബൈ ഹൈക്കോടതിയുടെ നിലപാട് അംഗീകരിച്ചതിനാല്‍ നിയമനം ഉണ്ടായില്ല. തുടര്‍ന്ന് അടുത്തവര്‍ഷം അവരുടെ പേര് പുനഃപരിശോധിച്ച ശേഷമാണ് കൊളീജിയം നിയമന ശുപാര്‍ശ നല്‍കിയത്.
മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ പറത്വാഡയില്‍ 1969ല്‍ ജനിച്ച അവര്‍ ബികോം, എല്‍എല്‍ബി, എല്‍എല്‍എം എന്നീ ബിരുദങ്ങള്‍ സ്വര്‍ണമെഡലോടെയാണ് നേടിയത്. അമരാവതി ജില്ലാ കോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിരുന്ന വേളയില്‍ അമരാവതി സര്‍വകലാശാലയില്‍ നിയമ വിഭാഗം അതിഥി അധ്യാപികയുമായിരുന്നു. 2007ലാണ് ജില്ലാ ജഡ്ജിയായി നേരിട്ട് നിയമനം കിട്ടിയത്. മുംബൈയിലെ സിറ്റി സിവില്‍ കോടതിയിലും നാഗ്പുരിലെ ജില്ലാ കോടതിയിലും കുടുംബ കോടതിയിലും ജഡ്ജിയായി. തുടര്‍ന്ന് ബോംബെ ഹൈക്കോടതിയുടെ റജിസ്ട്രാര്‍ ജനറലായി.
പരോള്‍ തടവുകാരുടെ മിതമായ അവകാശമാണ് എന്നു വിധിച്ച ഫുള്‍ ബെഞ്ചില്‍ അവര്‍ അംഗമായിരുന്നു. കോവിഡ് ബാധിച്ച ഗര്‍ഭിണിക്ക് ചികിത്സ ഉറപ്പാക്കണമെന്നും വൈറസ് ബാധ അയിത്തംപോലെ കണക്കാക്കേണ്ട ഒന്നല്ല എന്നുമുള്ള വിധി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് തുടര്‍ച്ചയായി പോക്സോ കേസുകളില്‍ വിധികള്‍ നടത്തി വിവാദത്തില്‍ തലയിട്ടത്.
പെണ്‍കുട്ടിയെ കയറിപ്പിടിച്ചാലും വസ്ത്രമഴിച്ചില്ലെങ്കില്‍ പോക്സോ ചുമത്താന്‍ കഴിയില്ലെന്നായിരുന്നു ജസ്റ്റീസിന്റെ ഒരു നിരീക്ഷണം. 12 വയസ്സുകാരിയെ 39 കാരന് പീഡിപ്പിച്ച കേസിലായിരുന്നു പുഷ്പ ഗനേഡിവാലയുടെ വിവാദ നിരീക്ഷണം. ശരീരത്ത് നേരിട്ട് തൊടാതെ വസ്ത്രത്തിന് മുകളിലൂടെ മാറിടത്തില്‍ പിടിച്ചാല്‍ പീഡനമല്ലെന്നായിരുന്നു പോക്സോ കേസില്‍ പറഞ്ഞത്. സെഷന്‍സ് കോടതി മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ച പ്രതിയുടെ ശിക്ഷ ഒരു വര്‍ഷമാക്കി കുറയ്ക്കുകയും ചെയ്തു. വിവാദ വിധി സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുകയും ഇതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.
പിന്നാലെ തന്നെ മറ്റൊരു കേസില്‍ അഞ്ചു വയസ്സുള്ള കുട്ടിയെ അമ്പതു വയസ്സുള്ളയാള്‍ കയ്യില്‍ പിടിച്ച് പാന്റിന്റെ സിബ്ബ് തുറന്നതും പോക്സോ കേസിന്റെ പരിധിയില്‍ വരുന്നതല്ലെന്നും നിരീക്ഷിച്ചു. ലൈംഗിക പീഡന ലക്ഷ്യത്തോടെയാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത് എന്ന കാര്യത്തിന് തെളിവില്ലെന്നും ശാരീരിക ബന്ധം ലൈംഗിക ഉദ്ദേശത്തോടെയാണ് എന്ന് തെളിയിക്കാനായില്ലെന്നും വിലയിരുത്തി.
2013 ല്‍ നടന്ന ബലാത്സംഗ കേസിലാണ് ഒരാള്‍ക്ക് തനിയെ ഇരയുടെ വായപൊത്തിപ്പിടിക്കാനും വസ്ത്രം അഴിച്ചുമാറ്റി ബലാത്സംഗം ചെയ്യാനും ആകില്ലെന്ന്് വിലയിരുത്തല്‍ ജസ്റ്റീസ് പുഷ്പ ഗനേഡിവാല നടത്തിയത്. ബലാത്സംഗത്തിന് ഇരയാകുമ്പോള്‍ 15 വയസ്സായിരുന്നു എന്ന് കാട്ടി മാതാവാണ് കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ പ്രായം 18 ന് താഴെയായിരുന്നെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
അയല്‍വാസിയായിരുന്ന പ്രതി സംഭവദിവസം രാത്രിയില്‍ മദ്യപിച്ച് വീട്ടില്‍ അതിക്രമിച്ച കടന്നു ബലാത്സംഗം ചെയ്തെന്നും അമ്മയടക്കമുള്ളവര്‍ സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് ഇല്ലായിരുന്നു എന്നും നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ വായ പൊത്തിപ്പിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുമാറ്റി പീഡിപ്പിച്ചെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നു എന്നും ഉഭയസമ്മത പ്രകാരം നടന്ന ലൈംഗികതയായിരുന്നു എന്നും പ്രതിഭാഗം വാദിച്ചു. തുടര്‍ന്നാണ് വിവാദ നിരീക്ഷണം നടത്തിയത്. വിചാരണക്കോടതി പ്രതിക്ക് വിധിച്ച പത്തുവര്‍ഷത്തെ തടവുശിക്ഷ ജസ്റ്റീസ് പുഷ്പ ഗനേഡിവാല റദ്ദാക്കുകയും ചെയ്തു.






