
ദക്ഷിണ കൊറിയൻ സ്മാർട്ട്ഫോൺ നിർമ്മാതക്കളായ സാംസങ് പുതിയ ഗാലക്സി M02 അവതരിപ്പിച്ചു. ഗാലക്സി M02s-നേക്കാൾ വിലക്കുറവിൽ ആണ് ഗാലക്സി M02 സാംസങ് വില്പനക്കെത്തിച്ചിരിക്കുന്നത്. 2 ജിബി റാം + 32 ജിബി ഓൺബോർഡ് സ്റ്റോറേജ്, 3 ജിബി റാം + 32 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ സാംസങ് ഗാലക്സി M02 എത്തുന്നത്.
2 ജിബി റാം പതിപ്പിന് 6,999 രൂപയാണ് വില. 3 ജിബി റാം പതിപ്പിന്റെ വില സാംസങ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. റിപ്പോർട്ട് പ്രകാരം അല്പകാലത്തേക്ക് സാംസങ് ഗാലക്സി M02 6,799 രൂപയ്ക്ക് ആമസോൺ വെബ്സൈറ്റിൽ ലഭ്യമാണ്. സാംസങ് ഗാലക്സി M02 -ന്റെ വില്പന ഈ മാസം ഒൻപതാം തിയതി മുതലാണ് ആരംഭിക്കുക. ബ്ലാക്ക്, ബ്ലൂ, ഗ്രേ, റെഡ് നിറങ്ങളിൽ ഇത് ലഭ്യമാണ്.
6.5 ഇഞ്ച് എച്ച്ഡി + ഇൻഫിനിറ്റി-വി ഡിസ്പ്ലേയാണ് സാംസങ് ഗാലക്സി M02-ന്. ക്വാൽകോം സ്നാപ്ഡ്രാഗൺ 450 SoC പ്രോസസ്സർ ആണ് സാംസങ് ഗാലക്സി M02-യുടെ കറുത്ത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമായ വൺ യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം ഫോൺ ആണ് സാംസങ് ഗാലക്സി M02. 10W ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഫോണിന്. 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറുമുള്ള ഡ്യുവൽ റിയർ ക്യാമറയും 5 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും സാംസങ് ഗാലക്സി M02-ൽ ഒരുക്കിയിരിക്കുന്നു. 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.






