
ബാങ്ക് ഉദ്യോഗസ്ഥയായ 48 വയസുകാരിക്കു രണ്ടു മാസമായി ഇടവിട്ട് രക്തസ്രാവം. ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ടതാകാമെന്ന് കരുതി ആശ്വസിച്ചിരിക്കുമ്പോഴാണ് കടുത്ത നടുവേദനയും മലവിസര്‍ജനത്തിന് ബുദ്ധിമുട്ടും അനുഭവപ്പെട്ട് തുടങ്ങിയത്. ഗൈനക്കോളജിസ്റ്റിനെ സമീപിച്ചു. ലക്ഷണങ്ങള്‍ കേട്ടറിഞ്ഞ ഡോക്ടര്‍ അവരെ ആന്തരിക പരിശോധനയ്ക്ക് വിധേയമാക്കി. ഗര്‍ഭപാത്രത്തിന്റെ അടിഭാഗമായ സര്വിക്സില് ട്യൂമര്‍ വളരുന്നതായി കണ്ടെത്തി. ബയോപ്സിയില്‍ അത് സര്‍വിക്കല്‍ കാന്‍സറാണെന്ന് സ്ഥിരീകരിച്ചു.
എന്താണ് സര്‍വിക്കല്‍ കാന്‍സര്‍?
രാജ്യത്തെ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന രണ്ടാമത്തെ കാന്‍സറാണ് സര്വിക്സിലെ കാന്‍സര്‍ അഥവാ സര്‍വിക്കല്‍ കാന്‍സര്‍. ഹ്യൂമന്‍ പാപിലോമ വൈറസ് (എച്ച്.പി.വി) ബാധയാണ് സര്‍വിക്കല്‍ കാന്സറുണ്ടാകാനുള്ള പ്രധാന കാരണം. എച്ച്.പി.വി. അണുബാധ സര്വിക്സിലെ കോശങ്ങളെയാണു ബാധിക്കുന്നത്. കാലക്രമേണ ചിലപ്പോള്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ കോശങ്ങള്‍ കാന്‍സര്‍ ബാധിതമായി മാറുന്നു.
രോഗകാരണങ്ങള്‍
വളരെ ചെറിയ പ്രായത്തിലുള്ള ആദ്യ സംഭോഗം, നിരവധിപേരുമായുള്ള ലൈംഗികവേഴ്ച, വ്യക്തി ശുചിത്വമില്ലായ്മ, ശരീരത്തിലെ രോഗ പ്രതിരോധശേഷി കുറയുന്നത് തുടങ്ങിയവയാണ് സര്‍വിക്കല്‍ കാന്‍സറിനുള്ള പ്രധാന കാരണങ്ങളില്‍ ചിലത്. ഏത് പ്രായത്തിലും ഈ രോഗം പിടിപെടാമെങ്കിലും സാധാരണയായി 30-നും 60-നും ഇടയ്ക്ക് പ്രായമുള്ളവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. വൈറസ് ബാധ ഉണ്ടായതിന് ശേഷം വളരെ പതുക്കെ വര്‍ഷങ്ങളെടുത്താണ് കോശങ്ങളില്‍ മാറ്റം സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റ് കാന്‍സറുകളെ അപേക്ഷിച്ച് സര്‍വിക്കല്‍ കാന്‍സറില്‍ രോഗനിര്‍ണയത്തിനും രോഗം തടയാനും ധാരാളം അവസരങ്ങളുണ്ട്.
ലക്ഷണങ്ങള്‍
സര്‍വിക്കല്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമാകാം. അവയില്‍ ചിലത് ഇവയാണ്-
ആര്‍ത്തവത്തിന് ഇടയിലോ ശേഷമോ നേരിയ രക്തസ്രാവം ഉണ്ടാകുകയോ രക്തക്കറ കാണുകയോ ചെയ്യുന്നത്, ആര്‍ത്തവകാലത്ത് സാധാരണയില്‍ കവിഞ്ഞ് ഏറെ നീണ്ടുനില്ക്കുന്നതും ക്രമാതീതവുമായ രക്തസ്രാവം, സംഭോഗം, വസ്തിപ്രദേശത്തെ പരിശോധന എന്നിവയ്ക്കു ശേഷമുള്ള രക്തസ്രാവം, ക്രമാതീതമായ യോനീസ്കലനം, സംഭോഗത്തിനിടയില്‍ വേദന, ആര്‍ത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം, പ്രത്യേകിച്ച് കാരണങ്ങളില്ലാതെ തുടര്‍ച്ചയായുള്ള പുറംവേദന അല്ലെങ്കില്‍ അടിവയറ്റിലെ വേദന.
ചികിത്സ
മറ്റു കാന്‍സറുകളില്‍ എന്ന പോലെ സര്‍വിക്കല്‍ കാന്‍സറിനുള്ള വിജയകരമായ ചികിത്സയ്ക്കും രോഗം നേരത്തെ കണ്ടെത്തുകയെന്നതാണ് പ്രധാന വെല്ലുവിളി. രോഗിയുടെ ആന്തരിക പരിശോധനയില്‍ ഗൈനക്കോളജിസ്റ്റിനു ട്യൂമറിന്റെ വലിപ്പം മനസിലാകുകയും തുടര്‍ന്ന് അതിന്റെ ചെറിയൊരംശം ബയോപ്സി പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്യുന്നു. ബയോപ്സിയില്‍ അത് സ്ക്വാമസ് സെല്‍ കാര്സിനോമയാണോ അതോ അദിനോകാര്സിനോമയാണോ എന്ന് വ്യക്തമാകുന്നു. തുടര്‍ന്ന് എം.ആര്.ഐ. അല്ലെങ്കില്‍ സിടി സ്കാനിലൂടെ വളര്‍ച്ചയുടെ വ്യാപ്തി മനസിലാക്കുന്നു. സര്ജന്, റേഡിയേഷന് ഓങ്കോളജിസ്റ്റ്, പാതോളജിസ്റ്റ്, റേഡിയോളജിസ്റ്റ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് ചികിത്സാവിധി തീരുമാനിക്കുന്നത്. പ്രാഥമിക ഘട്ടത്തിലുള്ള ട്യൂമറുകള്‍ ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്താം. പഴക്കം ചെന്ന ട്യൂമറുകള്‍ കീമോതെറാപ്പിയും റേഡിയേഷനിലൂടെയും ചികിത്സിക്കേണ്ടിവരും. റേഡിയേഷന് 5-6 ആഴ്ചകള്‍ നീളും. റേഡിയേഷന് കൂടുതല്‍ ഫലവത്താക്കാന്‍ ആഴ്ചതോറും കീമോതെറാപ്പി നല്കുന്നു. ട്യൂമര്‍ ചുരുക്കികൊണ്ട് പരമാവധി രോഗശമനം ഉറപ്പാക്കാന്‍ സാധാരണയായി ഇതിന്റെ തുടര്‍ച്ചയായി രണ്ടോ മൂന്നോ ആന്തരിക റേഡിയേഷനും നല്കുന്നു. മറ്റ് അവയവങ്ങളിലേക്ക് വ്യാപിച്ച ട്യൂമറുകള്‍ അഥവാ സേ്റ്റജ് 4 കാന്‍സറുകള്‍ക്ക് വേദന ക്ഷമിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള കീമോതെറാപ്പിയാണ് നല്‍കുന്നത്.സ്റ്റേജ് 1 മുതല്‍ 3 വരെയുള്ള സര്‍വിക്കല്‍ കാന്‍സറിനുള്ള ചികിത്സ പൂര്‍ണമാകുന്നതോടെ രോഗിയെ നിശ്ചിത ഇടവേളകളിലായി തുടര്‍പരിശോധനകള്‍ക്കു വിധേയമാക്കേണ്ടതാണ്. ഓരോ വര്‍ഷം കൂടുമ്പോള്‍ അല്ലെങ്കില്‍ എന്തെങ്കിലും ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ സ്കാനിങ്ങ് നടത്തണം. ചിലരില്‍ രോഗം വീണ്ടും വരാം. രോഗത്തിന്റെ വ്യാപ്തി അനുസരിച്ച് അതിനുള്ള ചികിത്സ നിശ്ചയിക്കും. കാന്‍സര്‍ കോശങ്ങളെ മാത്രം ലക്ഷ്യംവച്ചുള്ള ചികിത്സകളും ബെവസിസുമാബ് പോലുള്ള പുതിയ മരുന്നുകളും ഏറെ വ്യാപിച്ച കാന്‍സറിന്റെ ചികിത്സയില്‍ പോലും മികച്ച ഫലമുണ്ടാക്കുന്നു.
രോഗം തടയാനുള്ള മാര്‍ഗങ്ങള്‍
സര്‍വിക്കല്‍ കാന്‍സര്‍ വരാതെ തടയാനുള്ള മാര്‍ഗം വാക്സിന് എടുക്കുകയെന്നതാണ്. 11, 12 വയസില്‍ ആറ് മാസത്തെ ഇടവേളയില്‍ എച്ച്.പി.വി വാക്സിന്റെ രണ്ട് ഡോസ് എടുക്കണമെന്നാണു സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി-യുഎസ്എ) നിര്‍ദേശിക്കുന്നത്. 26 വയസ് വരെയാണ് വാക്സിന് ശുപാര്‍ശ ചെയ്യുന്നത്. കാന്‍സറിന് കാരണമാകുന്ന മിക്ക ഹ്യൂമന്‍ പാപ്പിലോമ വൈറസുകളില്‍നിന്നും ഈ വാക്സിന് സംരക്ഷിക്കുന്നു. വാക്സിന് എടുത്താലും നിശ്ചിത ഇടവേളകളിലുള്ള സ്ക്രീനിങ് തുടരേണ്ടതാണ്.
എച്ച്.പി.വി ടെസ്റ്റിങ്, സൈറ്റോളജി (പാപ്സ്മിയര്‍), വിഷ്വല്‍ ഇന്സ്പെക്ഷന് ബൈ അസെറ്റിക് ആസിഡ് (വിഐഎ) എന്നിവയാണ് പ്രധാന സ്ക്രീനിങ് സംവിധാനങ്ങള്‍. സര്‍വിക്കല്‍ കാന്‍സര്‍ സ്ക്രീനിങ്ങിന് ഏറ്റവും ഉത്തമമായ രീതിയായി എച്ച്.പി.വി. ടെസ്റ്റിങ്ങാണ് ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗൈനക്കോളജി ഫോഗ്സി ശിപാര്‍ശ ചെയ്യുന്നത്. ഇതോടൊപ്പം സൈറ്റോളജിയും ചെയ്യുന്നത് അഭികാമ്യമാണെന്നാണ് ഫോഗ്സിയുടെ പക്ഷം. 30-നും 65-നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ നിശ്ചിത ഇടവേളകളില്‍ ടെസ്റ്റിങ് നടത്തണ്ടേതാണ്. സാധാരണയായി 3 മുതല്‍ 5 വര്‍ഷത്തില്‍ ഒരു തവണ ടെസ്റ്റിങ് നടത്തേണ്ടതാണ്. എന്നാല്‍ ചില കേസുകളില്‍ രോഗസാധ്യത, ടെസ്റ്റ് റിപ്പോര്‍ട്ട്, ടെസ്റ്റിങ് രീതി എന്നിവയെ ആശ്രയിച്ചാണ് ഓരോ ടെസ്റ്റിങ്ങിനുമിടയിലെ ഇടവേള നിശ്ചയിക്കുന്നത്. വാക്സിനേഷനിലൂടെയും മറ്റ് സ്ക്രീനിങ് പരിപാടികളിലൂടെയും വിവിധ സന്നദ്ധ സംഘടനകള്‍ രോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇവയ്ക്ക് സമീപ ഭാവിയില്‍ തന്നെ വിജയം കാണാനാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ഡോ. അരുണ്‍ വാര്യര്‍
( കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റാണ് ലേഖകന്‍)






