ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബര്‍ഗിനെതിരെ കേസെടുത്ത് ഡല്‍ഹി പോലീസ്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. മതത്തിന്റെ പേരില്‍ ശത്രുത പരത്തുക ക്രമിനല്‍ ഗൂഢാലോചന നടത്തുക എന്ന കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കര്‍ഷക സമരത്തെ പിന്തുണ പ്രഖ്യാപിച്ച് പോപ് ഗായിക റിഹാന ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ഗ്രെറ്റ കര്‍ഷക സമരത്തിനെ പിന്തു നല്കി രംഗത്തെത്തിയത്. കര്‍ഷകര്‍ സമരം നടത്തുന്ന സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിച്ച സര്‍ക്കാര്‍ നടപടിയെക്കുറിച്ചുള്ള വാര്‍ത്തയും ഗ്രെറ്റ ട്വിറ്ററില്‍ ഉള്‍പ്പെടുത്തിയായിരുന്നു കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
അതിനുശേഷം കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ സഹായകരമായ ടൂള്‍കിറ്റ് പങ്കുവെച്ചുകൊണ്ട് വീണ്ടും ഗ്രെറ്റ ട്വിറ്ററില്‍ എത്തി. കര്‍ഷക സമരത്തിന് ആഗോള തലത്തില്‍ എങ്ങനെയെല്ലാം പിന്തുണയേകാമെന്നും പ്രതിഷേധിക്കാമെന്നുമാണ് ടൂള്‍കിറ്റ് വിശദീകരിക്കുന്നത്. ഫെബ്രുവരി 13, 14 തീയതികളില്‍ ഇന്ത്യന്‍ എബസി, മാധ്യമ സ്ഥാപനങ്ങള്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതിഷേദിക്കാനും ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങലില്‍ പങ്കുവയ്ക്കാനും നിര്‍ദേശം നല്കുന്നു.






