
ലണ്ടന്‍: 2026 ലോകകപ്പില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ അമേരിക്കന്‍ സ്ട്രൈക്കര്‍ ഫോളാരിന്‍ ബലോഗന്റെ വിലക്ക് പിന്‍വലിച്ച ഫിഫയുടെ നടപടി വന്‍ കായിക-രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുന്നു. അമേരിക്കന്‍ പ്രസിഡന്റ് വിളിച്ചുപറഞ്ഞതിനാല്‍ ഫിഫ നടപടിയില്‍ മാറ്റം വരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയേക്കാന്‍ സാധ്യതയുണ്ട്.
വിലക്ക് നീക്കുന്നതിനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ നേരിട്ട് ഫോണില്‍ വിളിച്ചതായി യു.എസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിനയ്ക്കെതിരായ മത്സരത്തിന്റെ 64-ാം മിനിറ്റിലാണ് ബലോഗന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു.
ഇതേത്തുടര്‍ന്ന് ഒരു മത്സരത്തില്‍ നിന്ന് താരത്തിന് വിലക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ബെല്‍ജിയത്തിനെതിരായ നിര്‍ണായക പ്രീക്വാര്‍ട്ടര്‍ മത്സരത്തിന് തൊട്ടുമുമ്പ് ഫിഫ അച്ചടക്ക സമിതി ഈ വിലക്ക് ഒരു വര്‍ഷത്തെ നിരീക്ഷണ കാലാവധിയോടെ താത്കാലികമായി റദ്ദാക്കി. നീതി നടപ്പാക്കിയതിനും വലിയ അനീതി തിരുത്തിയതിനും ഫിഫയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് പിന്നാലെ ഡൊണാള്‍ഡ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴി പോസ്റ്റ് ഇടുകയും ചെയ്തു.
ഫിഫയുടെ ഈ സവിശേഷ നടപടിക്കെതിരെ യൂറോപ്യന്‍ ഫുട്ബോള്‍ ഫെഡറേഷനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഫിഫയുടെ സ്വന്തം നിയമങ്ങളുടെ ലംഘനമാണ് ഇതെന്നും നിയമപരമായ എല്ലാ വഴികളും തേടുമെന്നും ബെല്‍ജിയം ഫുട്ബോള്‍ അസോസിയേഷന് അറിയിച്ചു. ബ്രസീലിനെതിരേ നടന്ന മത്സരത്തിന് പിന്നാലെ നോര്‍വേ പരിശീലകന് സ്റ്റാലെ സോല്ബാക്കനും തീരുമാനത്തെ വിമര്‍ശിച്ചു.
ഇത് ഫിഫയ്ക്ക് പറ്റിയ വലിയൊരു തെറ്റാണ്. വാര് പരിശോധനയ്ക്ക് ശേഷമാണ് താരം പുറത്തായത്. രാഷ്ട്രീയ സ്വാധീനങ്ങള്‍ക്ക് വഴങ്ങി ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് ഫുട്ബോളിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കും. ഇനി വരാനിരിക്കുന്ന ചുവപ്പ് കാര്‍ഡുകളുടെ കാര്യത്തിലും ഇതുപോലുള്ള കമ്മിറ്റികള്‍ തീരുമാനം മാറ്റുമോയെന്ന് സോല്‍ബാക്കന്‍ ചോദിച്ചു.
ടൂര്‍ണമെന്റില്‍ ഇതുവരെ മൂന്ന് ഗോളുകള്‍ നേടി യു.എസ് മുന്നേറ്റനിരയുടെ കുന്തമുനയായ ബലോഗന്റെ തിരിച്ചുവരവ് പരിശീലകന് മൗറീഷ്യോ പൊച്ചെറ്റിനോയ്ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. എങ്കിലും, രാഷ്ട്രീയ ഇടപെടലിലൂടെ നേടിയ ഈ അനുമതി ലോകകപ്പിന്റെ സുതാര്യതയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി.






