
കണ്ണൂർ: തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശിയായ പി.ടി. ജാഫറിന്റെ മകൻ മുഹമ്മദ് നജ്മാനാണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം തളിപ്പറമ്പ് പൂമംഗലം കൊടിലേരി പാലത്തിന് സമീപത്തെ തോട്ടിൽ ബന്ധുക്കൾക്കൊപ്പം കുളിക്കാനെത്തിയതിനിടെയാണ് അപകടമുണ്ടായത്. കാൽവഴുതി തോട്ടിലേക്ക് വീണ കുട്ടി ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.
വിവരമറിഞ്ഞതുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് വ്യാപകമായി തെരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട ഊർജിതമായ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവസ്ഥലത്തെത്തിയ തളിപ്പറമ്പ് പൊലീസ് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.






