
കൊച്ചി: ‘‘ബാഗേജ് കുടുങ്ങിപ്പോയി, നീ വരണം’’ എന്ന യു.എ.ഇ. കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴി പിടിവള്ളിയാക്കാന്‍ സ്വര്‍ണക്കടത്ത് പ്രതികള്‍. കഴിഞ്ഞ ജൂണ്‍ 30 നു തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് കസ്റ്റംസ് തടഞ്ഞുവച്ചപ്പോഴാണു തന്റെ പഴയ പങ്കാളിയായ പി.എസ്. സരിത്തിനെ അറ്റാഷെ വിളിച്ചു വരുത്തിയത്.
സ്വര്‍ണമടങ്ങിയ ബാഗ് വിട്ടുകിട്ടാതെ വന്നപ്പോള്‍ താന്‍ സരിത്തിനെ വിളിച്ചു വരുത്തിയെന്നാണു കോണ്‍സുലേറ്റിലെ അഡ്മിന് അറ്റാഷെ കസ്റ്റംസിനു മൊഴി നല്‍കിയത്. ഈ മൊഴി എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ബാഗില്‍ തങ്ങളുടെ സ്വര്‍ണമാണെങ്കില്‍ അറ്റാഷെ വിളിക്കേണ്ട ആവശ്യമില്ലല്ലോ എന്നാണു സരിത്തിന്റെയും സ്വപ്നയുടെയും വാദം.
ഇതോടെ, 30 കിലോ കള്ളക്കടത്തു സ്വര്‍ണത്തിന്റെ അവകാശികളെ കണ്ടെത്താന്‍ വിദേശത്തുള്ള പ്രധാനപ്രതികളെ ചോദ്യംചെയ്യേണ്ടതു അനിവാര്യമാണെന്നാണു കസ്റ്റംസിനു ലഭിച്ച നിയമോപദേശം. അല്ലാത്തപക്ഷം കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആര്. തിരിച്ചടിയാകുമെന്നാണു വിലയിരുത്തല്‍.
വിദേശത്തുള്ള വന്‍കിടക്കാര്‍ കോണ്‍സുലേറ്റിന്റെ മറവില്‍ നടത്തിവന്ന കള്ളക്കടത്തിനു തങ്ങളെ ബലിയാടാക്കിയെന്നാണു സ്വപ്നയും കസ്റ്റംസിനും നല്‍കിയമൊഴി. ഇതുറപ്പിക്കാന്‍ ഫൈസലിനെയും കോണ്‍സുല്‍ ജനറല്‍, അറ്റാഷെ എന്നിവരെ ചോദ്യംചെയ്യേണ്ടതുണ്ട്. സ്വര്‍ണം അയച്ചതാര്, ആര്‍ക്കുവേണ്ടി എന്നതിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.
മുവാറ്റുപുഴ സ്വദേശി റബിന്‍സിനെ യു.എ.ഇ. വിട്ടു നല്‍കിയെങ്കിലും യഥാര്ത്ഥപ്രതികള് കാണാമറയത്താണ്. നയതന്ത്ര സ്വര്‍ണക്കടത്തില്‍ റബിന്‍സിന്റെ പങ്ക് തെളിഞ്ഞിട്ടുമില്ല. ഇതോടെ ഇ.ഡി. ചോദ്യചെയ്യല്‍ ഉപേക്ഷിച്ചു.
മുപ്പത് കിലോ സ്വര്‍ണം ദുബായില്‍ നിന്നു കയറ്റിവിട്ട ഫൈസല്‍ ഫരീദിനെ കാണാനോ ചോദ്യംചെയ്യനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഫൈസലിനെ വിട്ടുതരാത്തതു നയതന്ത്ര ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തുവരുമെന്ന ആശങ്കയിലാണെന്നാണു കസ്റ്റംസിന്റെ കണക്കുകൂട്ടല്‍.
ഇന്റര്‍പോള്‍ വഴി ഫൈസലിനെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇന്റര്‍പോള്‍ പുറപ്പെടുവിച്ച ബ്ളൂകോര്‍ണര്‍ നോട്ടീസ് പ്രകാരം ഫൈസല്‍ എവിടെയാണെന്നു കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റെഡ്കോര്‍ണര്‍ നോട്ടീസ് ഉണ്ടെങ്കിലേ പ്രതിയെ അറസ്റ്റ് ചെയ്യാനാവൂ.





