
ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളെയും ആഭ്യന്തരമന്ത്രി അമിത്ഷായെയും അപമാനിച്ചെന്ന് ആരോപണത്തില്‍ ജയിലിലായ സ്റ്റാന്റ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്ക് ജാമ്യം. ഈ കേസില്‍ മദ്ധ്യപ്രദേശ് കോടതി മൂന്ന് തവണ ജാമ്യം നിഷേധിച്ച കേസില്‍ സുപ്രീംകോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇതിനൊപ്പം മദ്ധ്യപ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസും അയച്ചു.
ഇന്‍ഡോറില്‍ നടന്ന ഒരു ഷോയില്‍ മുനവര്‍ ഹിന്ദു ദേവന്മാരെയും ദേവികളെയും അപമാനിക്കുന്ന രീതിയിലുള്ള തമാശ പറഞ്ഞെന്നും ആഭ്യന്തരമന്ത്രി അമിത്ഷായെ ഇതിനൊപ്പം അപമാനിച്ചെന്നും കാണിച്ച് ബിജെപി എംഎല്എയുടെമകന് ഏകലവ്യ സിംഗ് ഗൗറാണ് പരാതി നല്‍കിയത്. തുടര്‍ന്ന ജനുവരി 1 ന് മുനവറിനെയും മറ്റ് നാലു പേരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
കേസില്‍ മുമ്പ് മൂന്ന് തവണയാണ് മദ്ധ്യപ്രദേശ് ഹൈക്കോടതി മുനവറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഏറ്റവും ഒടുവില്‍ തള്ളിയത് ജനുവരി 28 നായിരുന്നു. ഇതുവരെ കണ്ടെത്തിയ തെളിവുകള്‍ വെച്ച് വാണിജ്യ ഇടങ്ങള്‍ വരുന്ന പൊതു ഇടങ്ങളില്‍ നടന്ന ഷോയില്‍ ഇന്ത്യന്‍ പൗരന്മാരിലെ ഒരു വിഭാഗത്തിന്റെ മതവികാരം വൃണപ്പെടുത്തുന്ന രീതിയില്‍ മനപ്പൂര്‍വ്വം നിന്ദ്യമായ രീതിയില്‍ മോശം വാക്കുകള്‍ ഉപയോഗിച്ചതായി പ്രാഥമികമായ തെളിവുകളില്‍ നിന്നും വ്യക്തമാകുന്നുണ്ടെന്നായിരുന്നു ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിക്കൊണ്ടു പറഞ്ഞത്.
പരിപാടിയുടെ സംഘാടകരോ അവിടെ ഉണ്ടായിരുന്നവരോ അത്തരം തമാശകള്‍ പറഞ്ഞതായി ഇതുവരെ വിവരമില്ലെന്ന് ഫാറൂഖിയുടെ അഭിഭാഷകന് പറഞ്ഞെങ്കിലും അന്വേഷണം നടക്കുന്ന കാര്യമാണ് ഇതെന്നായിരുന്നു കോടതിയുടെ മറുപടി. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇത്തരം പോസ്റ്റുകള്‍ നടത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലും ഫാറൂഖിക്കെതിരേ കേസുണ്ട്.






