ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ കര്‍ഷകറാലിയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പഞ്ചാബി സിനിമതാരം ദീപ് സിദ്ധുവിനെതിരെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം ഡല്‍ഹി പോലീസിനെതിരെയും കര്‍ഷക നേതാക്കള്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത് വിദേശത്തു നിന്നാണെന്ന് പോലീസ് കണ്ടെത്തി.
ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്കിയ ശേഷം സംഭവം വിവാദമായതോടെ സിദ്ധു ഒളിവില്‍ പോയിരുന്നു. അതിനുശേഷം കര്‍ഷക നേതാക്കളെ വിമര്‍ശിച്ചു കൊണ്ട് സിദ്ധു സമൂഹമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് വിദേശത്തുള്ള ദീപ് സിദ്ധുവിന്റെ പെണ്‍സുഹൃത്താണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഒളിസങ്കേതത്തില്‍ സ്വയം ചിത്രീകരിച്ച വിഡിയോകള്‍ വിദേശത്തുള്ള സുഹൃത്തിന് അയച്ചു കൊടുത്തു എന്നാണ് പോലീസ് നിഗമനം.
ദീപ് സിദ്ധുവിനെതിരെ ഡല്‍ഹി ക്രൈബ്രാഞ്ചിന്റെ വിവിധ സംഘങ്ങള്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. നടനെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം ഡല്‍ഹി പോലീസ് പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമസംഭവങ്ങളില്‍ കര്‍ഷക നേതാക്കള്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ച് നിരവധി തവണ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.






