
ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പഞ്ചാബി നടന് ദീപ് സിദ്ദുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ പ്രതിയായിരുന്ന ദീപ് സിദ്ദുവിനെ ഡല്‍ഹി പോലീസിലെ സ്പെഷ്യല്‍ സെല്‍ ആണ് ചൊവ്വാഴ്ച അറസ്റ്റു ചെയ്തത്. സംഘര്‍ഷത്തെ കുറിച്ച് ഡല്‍ഹി ലോക്കല്‍ പോലീസ്, സ്പെഷ്യല്‍ സെല്‍, ക്രൈംബ്രാഞ്ച് എന്നിങ്ങനെ മൂന്നു തലത്തിലാണ് അന്വേഷണം നടക്കുന്നത്.
ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷത്തില്‍ സിദ്ദു പങ്കാളിയാണെന്ന് കണ്ടെത്തിയതോടെ സിദ്ദുവിനേയും ഗുണ്ടാത്തലവന് ലക്ക സാദ്നയേയും പോലീസ് പ്രതിചേര്‍ത്തിരുന്നു. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതില്‍ പ്രധാനി സിദ്ദുവാണെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ രഞ്ജന്‍ പറഞ്ഞു.
റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ക്ക് ടാക്ടര്‍ റാലിക്ക് നിശ്ചയിച്ചിരുന്ന റൂട്ടില്‍ നിന്ന് മാറിയ പ്രേക്ഷാഭകര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് ഡല്‍ഹിയില്‍ പ്രവേശിക്കുകയായിരുന്നു. പലയിടത്തും പോലീസുമായി ഏറ്റുമുട്ടുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു. അനധികൃതമായി ചെങ്കോട്ടയില്‍ പ്രവേശിച്ച് പതാക ഉയര്‍ത്തുകയുമായിരുന്നു.
പുതിയ മൂന്നു കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതിനെ തുടര്‍ന്നാണ് ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷക സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.






