
മലപ്പുറം: കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കസ്റ്റഡിയിലായ യുവാക്കള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് പോലീസ്. മുക്കം സ്വദേശികളായ ജാസിം, ബന്ധുവായ ജാസിം റഹിം എന്നിവരാണ് പിടിയിലായത്. ജാസിം നാട്ടില്‍ ബേക്കറി നടത്തുന്നയാളാണ്. ബന്ധുവായ ജാസിം റഹിം ശാരീരിക വെല്ലുവിളി നേരിടുന്നയാളാണ്. 2016ല്‍ കായംകുളത്ത് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ വീണ് ഒരു കാലും കയ്യും നഷ്ടപ്പെട്ടയാളുമാെണന്ന് പോലീസ് അറിയിച്ചു.
ഇരുവരും ബിസിനസ് ആവശ്യത്തിന് പോയി മടങ്ങുമ്പോഴാണ് ഇവര്‍ കസ്റ്റംസ് കമ്മീഷണറുടെ കാറിന് തടസ്സം സൃഷ്ടിച്ചത്. കാറില്‍ പാട്ട് വച്ച് പോയതിനാല്‍ ഹോണ്‍ അടിച്ചത് കേട്ടില്ലെന്ന് പറഞ്ഞതായും പോലീസ് അറിയിച്ചു. കമ്മീഷണറുടെ പരാതിയില്‍ പ്രാഥമിക ഘട്ടത്തില്‍ ദുരൂഹത ബോധ്യപ്പെട്ടിട്ടില്ലെന്നും മലപ്പുറം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുമെന്നും പോലീസ് അറിയിച്ചു.
സുമിത് കുമാറിനെതിരെ മുന്‍പും ആക്രമണ ശ്രമങ്ങള്‍ നടന്നതായി പരാതിയുള്ളതിനാല്‍ കേസ് ഗൗരവത്തിലെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. സ്വര്‍ണക്കടത്ത്-ഡോളര്‍ കടത്ത് കേസുകള്‍ അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍
കല്‍പ്പറ്റയില്‍ നിന്ന് കരിപ്പൂരിലെ കാര്‍ഗോ ഓഫീസിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന്റെ കാറിനെ അപകടകരമാംവിധം പിന്തുടര്ന്നു, മാര്‍ഗ തടസം സൃഷ്ടിച്ചു എന്നുള്ള പരാതിയിലാണ് കൊണ്ടോട്ടി പോലീസിന്റെ നടപടി
പ്രധാന അധ്യാപകനായ അബ്ദുള്‍ ഗഫൂറിന്റെ പേരിലുള്ള ഐ20 കാര്‍ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തിന്റെ മകനായ ജാസിം ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. എടവണ്ണപ്പാറ-കൊണ്ടോടി റോഡിലാണ് ഇവര്‍ കസ്റ്റംസ് കമ്മീഷണറുടെ വാഹനത്തിന് തടസ്സം സൃഷ്ടിച്ചത്.
അതേസമയം, ജാസിം റഹിമിന്റെ കാലിലെ പ്ലാസ്റ്റര്‍ മാറ്റിയ ശേഷം ബേക്കറിയിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോകുകയായിരുന്നുവെന്നും കസ്റ്റംസ് ഓഫീസറുടെ കാറിനെ പിന്തുടര്‍ന്നിട്ടില്ലെന്നും യുവാക്കള്‍ പറഞ്ഞു. കാര്‍ മുന്നിലെത്തി തടഞ്ഞ് ഡ്രൈവര്‍ പുറത്തുവന്ന പറഞ്ഞപ്പോഴാണ് വിവരം അറിഞ്ഞത്. കാറിനുള്ളില്‍ പാട്ട് വച്ചതിനാല്‍ ഹോണ്‍ അടിച്ചതൊന്നും ശ്രദ്ധിച്ചില്ലെന്നും യുവാക്കള്‍ പറഞ്ഞു.
യുവാക്കള്‍ക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുത്തിട്ടുണ്ട്.






