
കൊച്ചി : തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റ് വഴി വിദേശത്തേക്കു കടത്തിയത് ആറു കോടി ഡോളര്‍. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുെസെന് അല്‍ സാബി, അഡ്മിന് അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അഷ്മിയ, ഫിനാന്‍സ് വിഭാഗം മുന്‍ തലവന്‍ ഖാലിദ് അലി ഷൗക്രി എന്നിവര്‍ വഴിയാണു ഡോളര്‍ കടത്തിയത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതി നിര്‍മാണക്കരാര്‍ ഇടപാടിലെ കമ്മീഷന് തുകയില്‍ 1.90 കോടി ഡോളര്‍ വിദേശത്തേക്കു കടത്തിയെന്നു നേരത്തേ വ്യക്തമായിരുന്നു. പ്രതികളായ സ്വപ്ന സുരേഷിനും പി.എസ്. സരിത്തിനും പിന്നാലെ യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനും ഇക്കാര്യം സമ്മതിച്ചെന്നാണു സൂചന. രാഷ്ട്രീയ നേതാക്കന്മാരും ഉദ്യോഗസ്ഥരും അവിഹിതമായി സമ്പാദിച്ച കോടിക്കണക്കിനു രൂപ ഡോളറാക്കി മാറ്റി വിദേശത്തേക്കു കടത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. പലതവണയായി ആറു കോടി ഡോളര്‍ കടത്തിയെന്നു രഹസ്യമൊഴിയില്‍ സ്വപ്ന വെളിപ്പെടുത്തിയെന്നാണു വിവരം.
വിദേശത്ത് എത്തിച്ച ഡോളര്‍ െകെപ്പറ്റിയെന്നു സംശയിക്കുന്ന പ്രവാസി വ്യവസായിയും പൊന്നാനി സ്വദേശിയുമായ ലഫീര്‍ മുഹമ്മദിനെയും സഹോദരനെയും എന്‍ഫോഴ്സ്ന്റെ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ വീണ്ടും ചോദ്യംചെയ്തു. സമന്‍സ് നല്‍കിയാണ് ഇരുവരെയും വിളിച്ചുവരുത്തിയത്. മസ്കറ്റില്‍ സ്വകാര്യകോളജ് നടത്തുന്ന ലഫീറിന്റെ ബംഗളുരുവിലുള്ള ഓഫീസിലും പൊന്നാനിയിലെ വീട്ടിലും നടത്തിയ റെയ്ഡില്‍ സുപ്രധാന രേഖകള്‍ പിടിച്ചെടുത്തിരുന്നു. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമായി അടുത്ത പരിചയമുള്ളയാളാണു ലഫീര്‍. കസ്റ്റംസ് അടുത്തുതന്നെ സ്പീക്കറുടെ കസ്റ്റംസ് മൊഴിയെടുക്കുമെന്നാണു വിവരം. ഡോളര്‍ കടത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും സൂചനയുണ്ട്.
അതിനിടെ, കോഴിക്കോട് മുക്കത്തിനടുത്തു വച്ചു കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിന്റെ ഔദ്യോഗിക വാഹനം തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞ ദിവസം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സ്വര്‍ണക്കടത്ത് റാക്കറ്റില്‍നിന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും പ്രതികള്‍ക്കും സുരക്ഷാഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെയും കസ്റ്റംസ് അറസ്റ്റ് ചെയ്തു. ലൈഫ് മിഷന് ഇടപാടിലെ കോഴപ്പണം ഡോളറാക്കി മാറ്റിയതു സന്തോഷാണെന്നാണു കണ്ടെത്തല്‍. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍വിട്ടു.
ഡോളര്‍ കടത്ത് കേസില്‍ സന്തോഷ് ഈപ്പനെ അഞ്ചാം പ്രതിയാക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണു നടപടി. ലൈഫ് മിഷന് പദ്ധതിയിലെ കമ്മിഷനായി നല്കിയ ഇന്ത്യന്‍ കറന്‍സി കരിഞ്ചന്തയിലെത്തിച്ചു ഡോളറാക്കിയതും വിദേശത്തേക്കു കടത്താന്‍ സഹായം ചെയ്തതുമാണു സന്തോഷ് ഈപ്പനെതിരായ കുറ്റം. സ്വപ്ന, സരിത്ത്, ഈജിപ്ഷ്യന്‍ പൗരന് ഖാലിദ്, എം. ശിവശങ്കര്‍ എന്നിവരാണ് മറ്റു പ്രതികള്‍.






