
കൊച്ചി : വിദേശത്തേക്കു ഡോളര്‍ കടത്തിയ കേസില്‍ തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഈജിപ്ഷ്യന്‍ പൗരന് ഖാലിദ് മുഹമ്മദ് അലിയെ വിട്ടുകിട്ടുന്നതു ദുഷ്കരമെന്നു നിയമവിദഗ്ധര്‍. ചുമത്തപ്പെട്ട കുറ്റം ഖാലിദിന്റെ രാജ്യമായ ഈജിപ്തില്‍ ഗൗരവമുള്ളതല്ല എന്നതാണ് കാരണം. വിദേശത്തുനിന്നു ഡോളര്‍ കൊണ്ടുവരുന്നത് അവിടെ വലിയ കുറ്റമല്ല.
അതേസമയം, മൂന്നാം പ്രതിയായ ഖാലിദിനെ ഇന്റര്‍പോളിന്റെ സഹായത്തോടെ ഇന്ത്യയിലെത്തിക്കാന്‍ കഴിയുമെന്നാണ് കസ്റ്റംസിന്റെ പ്രതീക്ഷ. വിദേശത്തുള്ള ഖാലിദിനെ കണ്ടെത്തി വിളിച്ചുവരുത്താന്‍ സി.ബി.ഐ. വഴി ഇന്റര്‍പോളിനെ സമീപിക്കാനാണ് കസ്റ്റംസ് ഉദ്ദേശിക്കുന്നത്. പ്രോട്ടോക്കോള്‍ വകുപ്പ് ഖാലിദിനു നല്‍കിയിരുന്ന നയതന്ത്ര പരിരക്ഷ പിന്‍വലിച്ചിട്ടുണ്ട്. ഖാലിദിനു നയതന്ത്ര പരിരക്ഷയില്ലെന്നും സാധാരണ ഉദ്യോഗസ്ഥനാണെന്നും കോടതിയെ കസ്റ്റംസ് അറിയിച്ചുകഴിഞ്ഞു.
ഖാലിദിനെ പ്രതിചേര്‍ക്കണമെന്ന കസ്റ്റംസിന്റെ ആവശ്യം അനുവദിച്ച സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇയാള്‍ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഇന്റര്‍പോളിനോട് ആവശ്യപ്പെടുന്നതിനു പ്രതികളുടെ കുറ്റസമ്മതമൊഴി ആവശ്യമാണ്. പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും രഹസ്യമൊഴിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റ്ചെയ്ത യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ രഹസ്യമൊഴിയെടുക്കാനും സാധ്യതയുണ്ട്. ഇയാളുടെ ജാമ്യാപേക്ഷയെ കസ്റ്റംസ് എതിര്‍ത്തിരുന്നില്ല.
ഡോളര്‍ കടത്തിനെപ്പറ്റി അറിവുണ്ടായിരുെന്നന്നാണ് സ്വപ്നയ്ക്കെതിരായ കുറ്റം. സരിത്താണു ഡോളര്‍ പായ്ക്ക് ചെയ്ത് എക്സ്റേയില്‍ പരിശോധിച്ച് ഉറപ്പാക്കിയത്. ഡോളര്‍ കരിഞ്ചന്ത വഴി മാറ്റിക്കിട്ടാന്‍ ബാങ്ക് ജീവനക്കാരെ സ്വാധീനിച്ചു എന്നതാണ് മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെതിരേയുള്ള കുറ്റം. ഡോളര്‍ മാറിയെടുത്തതും ഖാലിദിനു െകെമാറിയതും സന്തോഷ് ഈപ്പനാണ്. ഡോളര്‍ കടത്ത് സമ്മതിച്ച ഏക വ്യക്തിയും സന്തോഷാണ്. ഈ സാഹചര്യത്തിലായിരുന്നു സന്തോഷിനെ പ്രതിചേര്‍ത്തത്.
കസ്റ്റംസ് ആക്ടില്‍ മാപ്പുസാക്ഷിയില്ല. എന്നാല്‍, കേസില്‍ സന്തോഷിനെ പ്രതിചേര്‍ക്കേണ്ടത് അനിവാര്യമാണെന്ന നിയമോപദേശത്തെത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് 2019 ഓഗസ്റ്റില്‍ ഒമാന്‍ വഴി കെയ്റോയിലേക്കു നടത്തിയ യാത്രയില്‍ ഹാന്‍ഡ് ബാഗിലാണ് ഖാലിദ് 1.90 ലക്ഷം യു.എസ്. ഡോളര്‍ കടത്തിയതെന്നു കസ്റ്റംസിനു വ്യക്തമായിട്ടുണ്ട്. ഈ യാത്രയില്‍ താനും സരിത്തും ഒമാന്‍ വരെ ഒപ്പം യാത്ര ചെയ്തതായാണ് സ്വപ്നയുടെ മൊഴി.






