
മുംബൈ: പോക്സോ കേസില്‍ വിവാദ ഉത്തരവ് നല്കിയ ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജി പുഷ്പ വി.ഗണ്ഡിവാലയോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ ജഡ്ജിക്ക് 150 ഗര്‍ഭ നിരോധന ഉറകള്‍ അയച്ച്. യുവതി. ഗുജറാത്ത് സ്വദേശിനി ദേവ്ശ്രീ ത്രിവേദിയാണ് വേറിട്ട പ്രതിഷേധത്തിനു പിന്നില്‍. ഒരു രാഷ്ട്രീയ നിരീക്ഷകയാണ് താനെന്ന് ഇവര്‍ സ്വയം അവകാശപ്പെടുന്നു.
ജഡ്ജി പുഷ്പയുടെ ചേംബറിലേക്കും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് രജിസ്ട്രിയിലേക്കും മുംബൈ പ്രിന്‍സിപ്പല്‍ സീറ്റിലേക്കും അടക്കം ജഡ്ജിയുടെ സാന്നിധ്യമുളള 12 കേന്ദ്രങ്ങളിലേക്കാണ് ഉറകള്‍ അയച്ചത്.
അനീതി തനിക്ക് സഹിക്കാന്‍ കഴിയില്ല. ജസ്റ്റീസ് പുഷ്പയുടെ വിധിന്യായത്തോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നീതി നിഷേധിക്കപ്പെടുകയാണ്. അവരെ സസ്പെന്റു ചെയ്യണമെന്നാണ് തന്റെ ആവശ്യമെന്നും ദേവ്ശ്രീ ത്രിവേദി ഒരു മാധ്യമത്തോട് പറഞ്ഞു.
ഫെബ്രുവരി 9നാണ് പാഴ്സല്‍ അയച്ചതെന്നും ഏതാനും പാഴ്സലുകളുടെ ഡെലിവറി റിപ്പോര്‍ട്ട് ലഭിച്ചുവെന്നും അവര്‍ പറയുന്നു. തെറ്റ് എന്തെങ്കിലും ചെയ്തതായി തനിക്ക് തോന്നുന്നില്ല. ഒരു കുറ്റവും ചെയ്തിട്ടില്ല. സ്ത്രീകള്‍ അവരുടെ അവകാശത്തിനു വേണ്ടി നിലകൊള്ളണം. ജഡ്ജിയുടെ ഈ ഉത്തരവോടെ പെണ്‍കുട്ടികളുടെ വസ്ത്രത്തിനു മുകളിലൂടെ ലൈംഗികാതിക്രമം നടത്തിയിട്ട് ശിക്ഷ കിട്ടാതെ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയുമെന്നും ദേവ്ശ്രീ പറഞ്ഞു.
അതേസമയം, ദേവ്ശ്രീയുടെ നടപടി കോടതിയെ അപമാനിക്കുന്നതാണെന്നും അവര്‍ക്ക ശിക്ഷ ലഭിക്കണമെന്നും നാഗ്പുര്‍ ബാര്‍ അസോസിയേഷന് സീനിയര്‍ അഡ്വക്കേറ്റ് ശ്രീരംഗ് രദ്രാകര് പറഞ്ഞു.
2016ല്‍ രജിസ്റ്റര്‍ ചെയ്ത 39 കാരന്റെ പീഡനത്തിന് ഇരയായ 12കാരിയുടെ കേസിലാണ് ജസ്റ്റീസ് പുഷ്പ കഴിഞ്ഞ ദിവസം വിവാദ ഉത്തരവ് ഇറക്കിയത്. പെണ്‍കുട്ടിയെ പ്രതി വസ്ത്രത്തിനു മുകളിലൂടെയാണ് സ്പര്‍ശിച്ചതെന്നും ഇരുവരുടെയും ചര്‍മ്മങ്ങള്‍ തമ്മില്‍ സപര്ശിച്ചിട്ടില്ലെന്നും അതിനാല്‍ പോക്സോ കേസില്‍ ശിക്ഷിക്കാനാവില്ലെന്നും സ്ത്രീകളുടെ അന്തസ്സിന് കോട്ടം വരുത്തിയെന്ന കുറ്റമാണ് നിലനില്ക്കുകയെന്നുമായിരുന്നു വിധിയില്‍ പറഞ്ഞിരുന്നത്.
അഞ്ചു വയസ്സുകാരിയെ അമ്പതുകാരന് പീഡിപ്പിച്ചുവെന്ന കേസിലും ജസ്റ്റീസ് പുഷ്പ സമാനമായ വിധി പറഞ്ഞിരുന്നു. ഈ രണ്ട് വിധികള്‍ക്കുമെതിരെ വ്യാപക പ്രതിഷേധമാണ ഉയര്‍ന്നത്. ഇതോടെ ജസ്റ്റീസ് പുഷ്പയെ ബോംബെ ഹൈക്കോടതി സ്ഥിരം ജഡ്ജിയായി നിയമിക്കാനുള്ള ശിപാര്‍ശ സുപ്രീം കോടതി പിന്‍വലിച്ചിരുന്നു.






