
കൊച്ചി: നിയമന വിവാദവും യുവജന സമരങ്ങളും കൊടുമ്പിരിക്കൊണ്ടിരിക്കേ പ്രതിരോധത്തിനിറങ്ങാന്‍ ഡി.െവെ.എഫ്.ഐക്കു സി.പി.എം. നിര്‍ദേശം. ഈ ഭരണകാലത്തു സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചവരുടെ എണ്ണം പ്രചരിപ്പിക്കുകയും അതുവഴി, തൊഴിലിനായി സമരം ചെയ്യുന്നവരോടു പൊതുജനങ്ങള്‍ക്കുള്ള അനുകമ്പ ഇല്ലാതാക്കുകയുമാണു ഡി.വൈ.എഫ്.ഐയുടെ ദൗത്യം. ഡി.വൈ.എഫ്.ഐയുടെ എല്ലാ വില്ലേജ് കമ്മിറ്റികളും കണക്കെടുപ്പ് തുടങ്ങിക്കഴിഞ്ഞു.
സമരക്കാരുമായുള്ള മധ്യസ്ഥശ്രമത്തിനു നിയോഗിച്ച യുവജന സംഘടനയെത്തന്നെയാണു പിന്‍വാതില്‍ നിയമന വിവാദം ചെറുക്കാനുള്ള പരിചയായും സി.പി.എം. ഉപയോഗിക്കുന്നത്. ചര്‍ച്ചയ്ക്കു ഡി.െവെ.എഫ്.ഐയുടെ മധ്യസ്ഥത വേണ്ടെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പ്രതികരണം വരുന്നതിനു തൊട്ടുമുമ്പാണ് വിവിധ സര്‍ക്കാര്‍ സര്‍വീസുകളില്‍ ജോലി ലഭിച്ചവരുടെ എണ്ണമെടുക്കാന്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചത്. ഓരോ വകുപ്പിലും പി.എസ്.സി. മുഖേന ജോലി ലഭിച്ചവരുടെ പട്ടിക പ്രത്യേകം തയാറാക്കണം.
ഇതിനായി സര്‍വീസ് ട്രേഡ് യൂണിയനുകളുടെ സഹായംതേടും. ഡി.െവെ.എഫ്.ഐ. മേഖലാ കമ്മിറ്റികള്‍ ഇവ ക്രോഡീകരിക്കും. കണക്കുകള്‍ പൊതുനിരത്തില്‍ പ്രദര്‍ശിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയ നേട്ടം തൊഴില്‍രഹിതരുടെ സമരവീര്യത്തില്‍ തകരുമെന്ന ആശങ്ക സി.പി.എമ്മില്‍ ശക്തമാണ്. പിന്‍വാതില്‍ നിയമന വിഷയത്തില്‍ കാര്യമായ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലെന്ന സൂചന നല്കുമ്പോള്ത്തന്നെ, ഡി.െവെ.എഫ്.ഐയെ മുന്‍നിരയില്‍ നിര്‍ത്തി സമരം തണുപ്പിക്കാനാണു ലക്ഷ്യമിടുന്നത്. ഡി.െവെ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എ.എ. റഹീമിനാണ് ഏകോപനച്ചുമതല.






