
കൊച്ചി : മരട് ഫ്ളാറ്റ് പൊളിക്കല്‍ കേസില്‍ വിചിത്രവാദവുമായി ബില്‍ഡര്‍മാര്‍ സുപ്രീം കോടതിയില്‍. ഒരോ അപ്പാര്‍ട്ട്മെന്റ് ഉടമയും ഫ്ളാറ്റ് പദ്ധതിയില്‍ സഹപങ്കാളിയാണെന്നും അതിനാല്‍, തീരദേശചട്ട ലംഘനത്തില്‍ അവര്‍ക്കും അറിവും ഉത്തരവാദിത്വവുമുണ്ടൈന്നും ചൂണ്ടിക്കാട്ടി എച്ച്2ഒ ഹോളിഫെയ്ത്ത് ഫ്ളാറ്റ് ഉടമ സുപ്രീം കോടതിയില്‍ ഇടക്കാല ഹര്‍ജി നല്കി.
അടിയന്തരമായി പരിഗണിക്കണമെന്നാണ് ആവശ്യം. അപ്പാര്‍ട്ട്മെന്റ് വാങ്ങാനെത്തിയവരെ പങ്കാളികളായി കണക്കാക്കി മുന്‍കൂര്‍ പണം വാങ്ങിയ ശേഷമാണു ഫ്ളാറ്റ് നിര്‍മാണം ആരംഭിച്ചത്. തീരദേശപരിപാലനം ചട്ടം തങ്ങള്‍ അറിഞ്ഞിട്ടുണ്ടെങ്കില്‍ സഹപങ്കാളികളും അറിയേണ്ടതാണ്. അതിനാല്‍, നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ഒരോ അപ്പാര്‍ട്ട്മെന്റ് ഉടമയ്ക്കുമുണ്ടെന്നാണു ഹോളിഫെയ്ത്തിന്റെ വാദം. പൊളിച്ചുനീക്കിയ ഫ്ളാറ്റ് സ്ഥിതിചെയ്തിരുന്ന കുണ്ടന്നൂരിലെ 92.3 സെന്റ് സ്ഥലം പൊതുലേലത്തില്‍ വിറ്റുകിട്ടുന്ന പണം നഷ്ടപരിഹാരത്തിനായി ഉപയോഗിക്കണം.
അതിനായി അതോറിറ്റിയെ നിയമിക്കണം. തുടര്‍ന്നുള്ള കേസുകളില്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ ബില്‍ഡറെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പണം നഷ്ടപരിഹാരത്തിനു തികയാതെ വന്നാലേ തങ്ങളുടെ മറ്റു വസ്തുക്കള്‍ കണ്ടുകെട്ടാവൂ. അപ്പാര്‍ട്ട്മെന്റ് ഉടമകള്‍ക്കു നഷ്ടപരിഹാരം നിര്‍ണയിക്കാനുള്ള ജസ്റ്റിസ് ബാലകൃഷ്ണന് നായര്‍ സമിതി മറ്റു സ്വത്തുവകകളും പിടിച്ചെടുക്കാമെന്നു ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, സമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു ഹോളി ഫെയ്ത്ത് സുപ്രീം കോടതിയില്‍ നേരത്തെ അപേക്ഷ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ നവംബറിലാണു സമിതിയുടെ പ്രവര്‍ത്തന കാലാവധി സുപ്രീം കോടതി നീട്ടിയതും അമിക്കസ് ക്യുറിയായി സീനിയര്‍ അഭിഭാഷകന് ഗൗരവ് അഗര്‍വാളിനെ നിയമിച്ചതും. അപ്പാര്‍ട്ട്മെന്റ് ഉടമകള്‍ക്കും, സര്‍ക്കാരിനും നല്‍കേണ്ട തുക സംബന്ധിച്ചു നിലപാടറിയിക്കാന്‍ നിര്‍മാതാക്കള്‍ക്ക് അവസാന അവസരമാണിത്. ഇനിയും വൈകിയാല്‍ കണ്ടുകെട്ടിയ വസ്തുക്കള്‍ വില്‍ക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ സമിതിക്ക് അനുമതി നല്‍കുമെന്നാണു സുപ്രീം കോടതി മുന്നറിയിപ്പ്. എന്നാല്‍, അനധികൃതമായി ഫ്ളാറ്റുകള്‍ പണിയാന്‍ അനുമതി നല്‍കിയത് ആരെന്നു കണ്ടെത്തി അവരില്‍ നിന്നാണു നഷ്ടപരിഹാരം ഈടാക്കേണ്ടതെന്നാണു ഹോളി ഫെയ്ത്തിന്റെ വാദം.






