
പാലക്കാട് : അട്ടപ്പാടിയില്‍ രണ്ട് വയസായ കുട്ടിക്ക് ഷിഗല്ലെ സ്ഥിരീകരിച്ചു. പാലക്കാട് നിന്നുള്ള ആദ്യ ഷിഗല്ലെ റിപ്പോര്‍ട്ടാണിത്. കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് ആദ്യം ഷിഗല്ലെ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോടാണ്. കഴിഞ്ഞ ഡിസംബറില്‍ അഞ്ച് പേരിലാണ് ഈ രോഗം കണ്ടെത്തിയത്. തുടര്‍ന്ന് എറണാകുളത്തും, കണ്ണൂരും, തിരുവനന്തപുരത്തും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഷിഗല്ലെ ഒരു ബാക്ടീരിയയാണ്. ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെയാണ് ഇത് തകരാറിലാക്കുക. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചതിന് ശേഷം ഒന്നു മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. പനി, വയറിളക്കം, വയറുവേദന, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
പ്രതിരോധശേഷി കുറഞ്ഞ കുഞ്ഞുങ്ങളെയാണ് ഇത് വളരെ വേഗം ബാധിക്കുക. പ്രായപൂര്‍ത്തിയായവരില്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ രോഗത്തിന്റെ തീവ്രത കുറയാനാണ് സാധ്യത. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുമെന്നതിനാല്‍ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ വൈദ്യ സഹായം തേടുകയാണ് നല്ലത്.
വെള്ളത്തിലൂടെയും, ഭക്ഷണത്തിലൂടെയും പടരുന്നതിനാല്‍ ഉറവിടം അറിയാന്‍ കഴിയില്ല. ജനങ്ങള്‍ കരുതിയിരിക്കുക എന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.






