
ഹൈദരാബാദ്: ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ 26 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. അൽവാൽ സ്വദേശിയായ രേണുക ആണ് മരിച്ചത്. വിവാഹിതയായ ഇവർക്ക് ഒരു കുട്ടിയുണ്ട്. ഇവർ നഗരത്തിലെ ഒരു റെസ്റ്റോറന്റിലും പബ്ബിലും ജോലി ചെയ്തു വരികയായിരുന്നു.
ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ലങ്കർ ഹൗസ് പരിധിയിലെ ഹോട്ടലിൽ ഒരു യുവാവിനൊപ്പമാണ് രേണുക മുറിയെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ച രാത്രി 10.30 ഓടെ ഈ യുവാവ് ഹോട്ടലിൽ നിന്ന് പോയെങ്കിലും രേണുക മുറിയിൽ തന്നെ തുടർന്നു. ഹോട്ടൽ രേഖകൾ പ്രകാരം രാത്രി 11.56 നാണ് ഇവർ ഭക്ഷണം ഓർഡർ ചെയ്തത്. അതിനുശേഷം സുഹൃത്തായ സത്യയ്ക്ക് വീഡിയോ കോൾ ചെയ്യുകയും, കോളിനിടയിൽ ജീവനൊടുക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 12.24 ഓടെ സുഹൃത്ത് സത്യയുമായി വീഡിയോ കോൾ ചെയ്യുന്നതിനിടയിലാണ് യുവതി ആത്മഹത്യ ചെയ്തത്. ബുധനാഴ്ച രാവിലെ ഒരു യുവാവിനൊപ്പമാണ് ഇവർ ഹോട്ടലിൽ എത്തിയത് എന്നും ലങ്കർ ഹൗസ് സബ് ഇൻസ്പെക്ടർ (എസ്.ഐ) സയ്യിദ് മുനവർ അലി പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ജീവനക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം പ്രാഥമിക പരിശോധനകൾ നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും യുവതിയുടെ മൊബൈൽ ഫോൺ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനായി ഒപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്തു വരികയാണ്.
(മാനസികമായ ബുദ്ധിമുട്ടുകളോ ആത്മഹത്യാ ചിന്തകളോ ഉണ്ടാകുന്നുണ്ടെങ്കിൽ 1056 എന്ന നമ്പറിലോ, കേരള സർക്കാരിന്റെ മാനസികാരോഗ്യ ഹെൽപ്പ്ലൈൻ നമ്പറായ 104 ലോ വിളിച്ച് സൗജന്യ കൗൺസിലിംഗ് സഹായം തേടാവുന്നതാണ്. സഹായം തേടുന്നത് ഒരു ബലഹീനതയല്ല, മറിച്ച് അതിജീവനത്തിനുള്ള കരുതലാണ്.)






