തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് അതൃപ്തി അറിയിച്ചു. ഉദ്യോഗസ്ഥരെ സംബന്ധിച്ച് മന്ത്രി മുഖ്യമന്ത്രിക്ക് പരാതി നല്കി. കരാറുമായി ഫിഷറീസ് വകുപ്പിന് നേരിട്ട് ബന്ധമില്ലെന്നും വകുപ്പ് ധാരണപത്രവും ഉണ്ടാക്കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ മുഖ്യമന്ത്രിക്ക് കീഴില്‍ വരുന്നതാണ്. പദ്ധതിക്ക് നാല് ഏക്കര്‍ ഭൂമി നല്‍കിയത് വ്യവസായ വകുപ്പിന് കീഴിലുള്ള കിന്‍ഫ്രയാണ്. ഫിഷറീസ് വകുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ല. ആരോപണം ഫിഷറീസ് വകുപ്പിലേക്ക് തിരിച്ചുവിടാന്‍ ബോധപൂര്‍വം ശ്രമമുണ്ടായെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ട്രോളറുകള്‍ നിര്‍മ്മിക്കുന്നതിന് വ്യവസായികാടിസ്ഥാനത്തിലാണ് കരാറെന്നും ആഴക്കടല്‍ മത്സ്യബന്ധനം ഇതില്‍ ഉള്‍പ്പെടുന്നതല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം താനാണ് കരാറിന് പിന്നിലെന്ന പ്രതീതി സമൂഹത്തിലുണ്ടെന്നും അതിന് വ്യക്തത വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തനിക്ക് നേരെ ഉയര്‍ന്ന ആരോപണത്തിന് പിന്നില്‍ വ്യവസായ വകുപ്പാണെന്ന നിഗമനത്തിലാണ് മന്ത്രി. എന്നാല്‍ കരാറില്‍ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതി ഈ മാസം 27ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.






